| Tuesday, 4th November 2025, 4:38 pm

'സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്പെഷ്യല്‍ അവാര്‍ഡ് കൂടി നല്‍കണം'; വേടനെതിരെ ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതുമുതല്‍ വിവിധ കോണുകളില്‍ നിന്നും ഗാനരചയിതാവും റാപ്പറുമായ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് വേടന് ലഭിച്ചിരിക്കുന്നത്. ബലാത്സംഗ ആരോപണങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ വേടന്‍ ജാമ്യത്തിലാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍.

വിഷയത്തില്‍ വിമര്‍ശനവുമായി ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയ് മാത്യുവും രംഗത്തെത്തിയിട്ടുണ്ട്. അവാര്‍ഡ് കൊടുക്കുക തന്നെ വേണമെന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയാലും, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനായ ഒരാള്‍ക്ക് നികുതി പണം എടുത്ത് അവാര്‍ഡ് നല്‍കുന്നതിലൂടെ നിയമത്തെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.

അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പരിഹസിക്കുന്നു.

കലാരംഗത്തെ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനൊപ്പം ഒരു വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും ജോയ് മാത്യു കുറിച്ചു.

ഇതോടെ അവാര്‍ഡ് ജേതാവ് അവാര്‍ഡ് വാങ്ങാന്‍ വരാതിരിക്കുകയും ജൂറിക്കും സര്‍ക്കാരിനും വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

അതേസമയം, എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ജോയ് മാത്യു രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് എതിരായ കേസിലെന്തിനാണ് മൗനം പാലിക്കുന്നതെന്ന് ഇതേ പോസ്റ്റിന് താഴെ ചിലര്‍ ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അവാര്‍ഡ് കൊടുക്കുക തന്നെ വേണം. ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?

അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും! അപ്പോള്‍ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക. അപ്പോള്‍ പിന്നെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം: ഇങ്ങനെയുള്ളവര്‍ ഭാവിയില്‍ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും.

അതേസമയം, ഈ കുറിപ്പിന് താഴെയാണ് ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കാത്ത ജോയ് മാത്യുവിന്റെ നിലപാടിനെ ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ ചോദ്യം ചെയ്യുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന നിലപാട് എല്ലാ സമയത്തും സ്വീകരിച്ച ജോയ് മാത്യു അദ്ദേഹത്തിന് എതിരായ കേസില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ വേടന് എതിരായി പോസ്റ്റിട്ട് രാഹുലിന്റെ കേസില്‍ ബാലന്‍സിങിന് ശ്രമിക്കുകയാണ് ജോയ് മാത്യുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Content Highlight: ‘Special award should be given for anti-social behaviour’; Joy ​​Mathew against Rapper Vedan

We use cookies to give you the best possible experience. Learn more