ന്യൂദല്‍ഹി: സ്വതന്ത്ര ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളായ ജേണോ മിറര്‍, മൊളിറ്റിക്‌സ് ഇന്ത്യ എന്നിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിയന്ത്രണം. രാജ്യത്തെ വിവരസാങ്കേതികവിദ്യാ ചട്ടങ്ങളിലെ നിയമപരമായ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ നിയന്ത്രിച്ചതെന്ന് ഇരു മാധ്യമങ്ങളും അറിയിച്ചു.
മൊളിറ്റിക്‌സ് ഇന്ത്യ സമാനമായ നിയന്ത്രണം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ജേണോ മിററിന്റെ അക്കൗണ്ടും ലഭ്യമല്ലാതായത്.
തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഏകദേശം അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നെന്നും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടെ 3.78 കോടി വ്യൂസ് ലഭിച്ചിരുന്നെന്നും ജേണോ മിറര്‍ അറിയിച്ചു.
‘ജേണോ മിററിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞു. ഞങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, ദശലക്ഷക്കണക്കിന് വ്യൂസുകളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുകയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ശബ്ദങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള ഞങ്ങളുടെ കഴിവ് പരിമിതപ്പെടുകയും ചെയ്തിരിക്കുകയാണ്’, ജേണോ മിറര്‍ എക്‌സില്‍ കുറിച്ചു.
ഈ നിയന്ത്രണത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും അക്കൗണ്ടിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണമെന്നും മെറ്റയോടും ഇന്‍സ്റ്റഗ്രാമിനോടും ഞങ്ങള്‍ ജേണോ മിറര്‍ ആവശ്യപ്പെട്ടു.
‘പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന് അനിവാര്യമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കപ്പെടണം’, ജേണോ മിറര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ ജേണോ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കൗണ്ട് നിയന്ത്രിച്ചതിന്റെ കാരണം ഇന്‍സ്റ്റഗ്രാമോ മെറ്റയോ അറിയിച്ചിട്ടില്ലെന്ന് മാധ്യമത്തിന്റെ സഹസ്ഥാപകനും എഡിറ്ററുമായ മുഹമ്മദ് പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
അക്കൗണ്ട് നിയന്ത്രിച്ചതിനെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് മാധ്യമത്തിന്റെ തീരുമാനം. അതിനിടെ, ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കരുതെന്ന ഒക്ടോബര്‍ 11ലെ സുപ്രീം കോടതി ഉത്തരവ് ഡല്‍ഹി പൊലീസ് ലംഘിച്ചെന്ന് ആരോപിച്ച് മൊളിറ്റിക്‌സ് റിപ്പോര്‍ട്ടര്‍ അമാന്‍ റസ്‌തോഗി സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.
പ്രസ് തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടും ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തന്നെ രണ്ടുതവണ കസ്റ്റഡിയിലെടുത്തെന്നാണ് ഹരജിയിലെ ആരോപണം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് പൊലീസ് തന്നെ തടഞ്ഞതായും ഏകദേശം മൂന്ന് മണിക്കൂറോളം ഫോണ്‍ പിടിച്ചുവെച്ചശേഷം കേടുപാടുകളോടെ തിരികെ നല്‍കിയതായും ഹരജിയില്‍ പറയുന്നു.
Content Highlight: Journo Mirror and Molitics India’s Instagram accounts banned in India, citing IT Rules