| Wednesday, 16th July 2025, 5:16 pm

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് കോടതിയലക്ഷ്യക്കേസില്‍ മൂന്ന് ദിവസം ജയില്‍ ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമ പ്രവര്‍ത്തകന് ജയില്‍ ശിക്ഷയും പിഴയും വിധിച്ച് കോടതി.

എറണാകുളം പറവൂര്‍ ആലങ്ങാട് സ്വദേശി പി.കെ. സുരേഷ് കുമാറിനാണ് മൂന്ന് ദിവസത്തെ ജയില്‍ ശിക്ഷയും 2000 രൂപ പിഴയും കോടതി വിധിച്ചത്. ഹൈക്കോടതി സ്വമേധയാ എടുത്ത ക്രിമിനല്‍ കോടതിയക്ഷ്യക്കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ഹൈക്കോടതി നേരിട്ടെടുത്ത കേസായിരുന്നു ഇത്. സുരേഷ് കുമാര്‍ തന്നെയായിരുന്നു അദ്ദേഹത്തിനെതിരായ കേസ് വാദിച്ചത്.

കോടതി നേരിട്ടെടുത്ത ക്രിമിനല്‍ കോടതിലയലക്ഷ്യ കേസായതിനാല്‍, തന്നെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു.

ഇന്ത്യന്‍ നിതിന്യായ ചരിത്രത്തില്‍ 1988ല്‍ കേന്ദ്ര നിയമമന്ത്രി ആയിരുന്ന ശിവശങ്കറിന് എതിരെ സുപ്രീം കോടതി എടുത്ത സ്വമേധയാ കോടതി അലക്ഷ്യ കേസില്‍ മാത്രമാണ് മറിച്ചൊരു വിധി വരുന്നതെന്നും സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഹൈക്കോടതി നടപടികളിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായും സുരേഷ് കുമാര്‍ സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉന്നയിച്ചിരുന്നു.

പോസ്റ്ററുകളും ഹോര്‍ഡിങ്സുകളും നഗരത്തിന്റെ സൗന്ദര്യം നശിപ്പിപ്പിക്കുന്നു എന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കോടതി നിര്‍ദേശത്തിനെതിരെ അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ കൊച്ചി നഗരത്തില്‍ പതിച്ചത് ചൂണ്ടിക്കാട്ടി സുരേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

പിന്നാലെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. ഈ നിരോധനത്തെ ചോദ്യം ചെയ്ത് കൊണ്ട് സുരേഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. നടപടിയെ ചോദ്യം ചെയ്ത് രണ്ട് ജഡ്ജിമാര്‍ക്കെതിരെ റിട്ട് പെറ്റീഷനുകള്‍ നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരള ഹൈക്കോടതിയിലെ 10 ജഡ്ജിമാരെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു.

നിയമമറിയാത്ത താന്‍ ഒരു അഭിഭാഷകന്റെയും സഹായമില്ലാതെ തനിച്ചാണ് ഇത്രയേറെ തവണ കേസുകള്‍ വാദിച്ചതെന്നും കോടതി നടപടികളിലൂടെ കടന്നുപോയതെന്നും ഇതിന്റെ ഭാഗമായി തനിക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലി നഷ്ടപ്പെടുകയും വിസ ക്യാന്‍സലാവുകയും ചെയ്തതായും പി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.

Content Highlight: Journalist who criticized Justice Devan Ramachandran sentenced to three days in jail in contempt of court case

We use cookies to give you the best possible experience. Learn more