| Tuesday, 22nd July 2025, 2:59 pm

ആ ഫോണ്‍കോൾ ഉണ്ടായിരുന്നില്ലെങ്കില്‍ അവരിപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നു; സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് വി.എസിനെ കണ്ട കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  വി. എസ് അച്യുതാനന്ദന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.പി. ബഷീര്‍. കേരളത്തെ പിടിച്ചുലച്ച പീഡനക്കേസായ സൂര്യനെല്ലി കേസും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.

സ്മാര്‍ത്തം, സൂര്യനെല്ലി, ഐസ്‌ക്രീം: മൂന്നു കുറ്റവിചാരണകള്‍ എന്ന പുസ്തകത്തിന്റെ ഗവേഷണത്തിനായി താന്‍ സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ പിതാവിനെ കാണാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ലെന്നും ബഷീര്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും തന്നോട് വി.എസിനെക്കുറിച്ചുള്ള കഥ പറഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.

സൂര്യനെല്ലി കേസിലെ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതി വിധി കേട്ട ശേഷം ആത്മഹത്യക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ ഫോണ്‍ വിളിച്ചെന്നും ബഷീര്‍ പറയുന്നു.

പിന്നീട് വി.എസ് അടിമാലിയില്‍ വന്നെന്നും ആ പിതാവിനെ വി.എസ് കണ്ടെന്നും തന്റെ ഇടപെടലിലൂടെ ആ കുടുംബത്തെ ആത്മഹത്യയില്‍ നിന്നും കൈപിടിച്ചുകയറ്റിയെന്നും ബഷീര്‍ പറഞ്ഞു.

‘ഞാന്‍ ചെന്നപ്പോള്‍ റൂമിലെ മറ്റെല്ലാവരോടും പുറത്തു പോകാന്‍ വി എസ് പറഞ്ഞു. രണ്ടു കൈകളും ചേര്‍ത്തുപിടിച്ചാണ് സഖാവ് എന്നോട് സംസാരിച്ചത്. ഒരിക്കലും തോറ്റുകൊടുക്കരുതെന്നു പറഞ്ഞു. സുപ്രീം കോടതിയില്‍ കേസിനു പോകണമെന്നും സഖാവ് കൂടെയുണ്ടാവുമെന്നും പറഞ്ഞു. അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല’ എന്ന് ആ അച്ഛന്റെ വാക്കുകളിലൂടെ തന്നെ ബഷീര്‍ പറഞ്ഞുവെക്കുന്നുണ്ട്.

അദ്ദേഹം ആ കഥ പറഞ്ഞശേഷം താന്‍ വി.എസിന്റെ ആരാധകനായി എന്നും അദ്ദേഹം പറയുന്നുണ്ട്. പ്രിവിലേജും പാരമ്പര്യവും പറഞ്ഞു നടക്കാൻ വംശാവലിയും, പണവും അധികാരബന്ധങ്ങളും ഇല്ലാത്തവരായിരുന്നു വി. എസിനെ ‘കണ്ണേ, കരളേ..വിഎസ്സേ’ എന്ന് തെരുവിൽ അലമുറയിട്ടവരിൽ അധികവുമെന്നും ബഷീർ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Content Highlight: Journalist M. P. Basheer Remembering V.S Achuthanadan

We use cookies to give you the best possible experience. Learn more