| Sunday, 31st August 2025, 3:53 pm

ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും ഐ.സി.സി സംബന്ധിച്ച കാര്യങ്ങളില്‍ പൊട്ടത്തരം വിളമ്പുന്നു: ജിഷ എലിസബത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി (ഐ.സി.സി) വേണമെന്ന് മാധ്യമം മുന്‍സീനിയര്‍ സബ് എഡിറ്റര്‍ ജിഷ എലിസബത്ത്. ബോധവത്കരണം കൊടുക്കാത്തതുകൊണ്ടും നിയമാവബോധം ഇല്ലാത്തതുകൊണ്ടുമാണ് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായിട്ടു പോലും ഐ.സി.സി സംബന്ധിച്ച കാര്യങ്ങളില്‍ പൊട്ടത്തരം വിളമ്പുന്നതെന്നും അവര്‍ വ്യക്തമാക്കി.

നിയമത്തെക്കുറിച്ചും അതിലെ ചട്ടങ്ങളെ കുറിച്ചും എല്ലാ ജന്‍ഡറിലുംപെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും രേഖാമൂലം അറിയിപ്പ് കൊടുക്കണം. ഈ രേഖാമൂലം നോട്ടീസ് ബോര്‍ഡില്‍ പതിക്കണമെന്നും ബോധവത്കരണ ക്ലാസ്സുകള്‍ എടുക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്നും ജിഷ എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമ സ്ഥാപനങ്ങളില്‍ പലതിലും ഐ.സി.സി ഇല്ലെന്നും അവര്‍ ആരോപിച്ചു. നിലവില്‍ ഉള്ള നിയമം അനുസരിച്ച് അങ്ങോട്ട് ചോദിച്ചാലും മൗനം പാലിക്കുക, തെളിവുകളുമായി പോയാല്‍ മുട്ടുന്യായം പറഞ്ഞ് പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ച് പറഞ്ഞുവിടുക തുടങ്ങിയ തമാശ പരിപാടികളാണ് നടക്കുന്നതെന്നും ജിഷ പറഞ്ഞു.

‘സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും തുറന്നുപറച്ചിലുകള്‍ നടത്തിയാല്‍, അവരുടെ പോസ്റ്റുകളില്‍ സഹജീവനക്കാരുടെ കമന്റോ ലൈക്കോ കാണില്ല. അതൊരു വ്യാപക’സ്വാഭാവിക പ്രതിഭാസ’മാണ്. അഥവാ ആരെങ്കിലും അത്തരം കമന്റ്, ലൈക്ക് കൊടുത്താല്‍ അവര്‍ക്കു ആ മാനേജ്മെന്റിന്റെ ശിക്ഷാ നടപടികള്‍ ഉറപ്പാണ്. അതും എല്ലാ സ്ഥാപനങ്ങളിലും നടക്കുന്ന കാര്യമാണ്. ഈ പോസ്റ്റില്‍ തന്നെ, ഞാന്‍ നേരത്തെ ജോലിയെടുത്ത മാധ്യമത്തിലെ ജീവനക്കാരുടെ കമന്റോ ലൈക്കോ കാണാന്‍ വലിയ ബുദ്ധിമുട്ട് ആയിരിക്കും. അത് മേല്പറഞ്ഞ സ്വാഭാവിക പ്രതിഭാസം കൊണ്ടാണ് എന്നാണ് എന്റെ അനുഭവം,’ ജിഷ എലിസബത്ത് പറയുന്നു.

താന്‍ 14 വര്‍ഷം പണിയെടുത്ത സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചിറങ്ങും മുന്‍പ്, കേരള വനിതാകമ്മീഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും ഒന്നര വര്‍ഷത്തിനിടെ പലതവണ കമ്മീഷന്‍ വിളിപ്പിച്ചെങ്കിലും രണ്ടു തവണയാണ് അവര്‍ വന്നതെന്നും ജിഷ എലിസബത്ത് പറഞ്ഞു. ഇത്തരത്തില്‍ പരാതി നല്‍കിയപ്പോഴൊക്കെ പരാതിക്കാരിയെ നുണച്ചി എന്ന് വിളിക്കാനാണ് അവര്‍ താല്പര്യപ്പെട്ടതെന്നും ജിഷ എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

ജിഷ എലിസബത്തിന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി വേണമെന്നാണ് നിയമം. ആ നിയമത്തെക്കുറിച്ചും അതിലെ ചട്ടങ്ങളെ കുറിച്ചും കമ്മിറ്റി അംഗങ്ങളെ കുറിച്ചും എല്ലാ ജന്‍ഡറിലുംപെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും രേഖാമൂലം അറിയിപ്പ് കൊടുക്കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പതിക്കണമെന്നും ബോധവത്കരണ ക്ലാസ്സുകള്‍ എടുക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്.

ഇത്തരം ബോധവത്കരണം കൊടുക്കാത്തതുകൊണ്ടും നിയമാവബോധം ഇല്ലാത്തതുകൊണ്ടുമാണ്, ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായിട്ടു പോലും, പലരും ഐസിസി സംബന്ധിച്ച കാര്യങ്ങളില്‍ പൊട്ടത്തരം വിളമ്പുന്നത് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. മാധ്യമ സ്ഥാപനങ്ങളില്‍ പലതിലും ഐസിസി ഇല്ല, ഉള്ളതില്‍ മാനേജ്മെന്റ് അനുഭാവികളെ മെമ്പര്‍മാരാക്കി നിയമിക്കുക, ആരോട് പരാതി പറയണമെന്ന അറിയിപ്പ് ആര്‍ക്കും കൊടുക്കാതിരിക്കുക, നമ്മള്‍ അങ്ങോട്ട് ചോദിച്ചാലും മൗനം പാലിക്കുക, തെളിവുകളുമായി പോയാല്‍ പലവിധ മുട്ടുന്യായം പറഞ്ഞ് പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ച് തിരികെ പറഞ്ഞുവിടുക തുടങ്ങിയ തമാശ പരിപാടികളാണ് നടക്കുക.

അഥവാ സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും തുറന്നുപറച്ചിലുകള്‍ നടത്തിയാല്‍, അവരുടെ പോസ്റ്റുകളില്‍ സഹജീവനക്കാരുടെ കമന്റോ ലൈക്കോ കാണില്ല. അതൊരു വ്യാപക’സ്വാഭാവിക പ്രതിഭാസ’മാണ്. അഥവാ ആരെങ്കിലും അത്തരം കമന്റ്, ലൈക്ക് കൊടുത്താല്‍ അവര്‍ക്കു ആ മാനേജ്മെന്റിന്റെ ശിക്ഷാ നടപടികള്‍ ഉറപ്പാണ്. അതും എല്ലാ സ്ഥാപനങ്ങളിലും നടക്കുന്ന കാര്യമാണ്. ഈ പോസ്റ്റില്‍ തന്നെ, ഞാന്‍ നേരത്തെ ജോലിയെടുത്ത മാധ്യമത്തിലെ ജീവനക്കാരുടെ കമന്റോ ലൈക്കോ കാണാന്‍ വലിയ ബുദ്ധിമുട്ട് ആയിരിക്കും. അത് മേല്പറഞ്ഞ ‘സ്വാഭാവിക പ്രതിഭാസം’ കൊണ്ടാണ് എന്നാണ് എന്റെ അനുഭവം.

അടുത്തിടെ, എല്ലാ സ്ഥാപനങ്ങളും ഈ കമ്മറ്റിയെ കുറിച്ചുള്ള രേഖ സര്‍ക്കാരിന് സമര്‍പ്പിക്കണം എന്ന ഉത്തരവ് നല്‍കിയപ്പോള്‍, കണ്ണില്‍ പൊടിയിടാന്‍ കമ്മിറ്റി ഉണ്ടാക്കിയ ആളുകളും ഉണ്ട്. ഏതു വിഷയത്തിലും, വ്യവസ്ഥാപിതപമായി പരാതി കൊടുക്കാന്‍ ധൈര്യപ്പെടാത്തവരാണ് മിക്കവരും. അഥവാ, നമ്മള്‍ കൊടുത്താലും, ”ഇല്ല” എന്ന് ധൈര്യത്തോടെ നിഷേധിക്കുന്നവരാണ് പല മാനേജ്മെന്റുകളും. അപ്പോഴും വേട്ടക്കാരായ ആളുകള്‍ വലിയ പൊസിഷനുകളില്‍ ഇരിക്കുന്നുണ്ടാകും.

തൊഴില്പരവും മാനസികവും ലൈംഗികപരവുമായും പല തരം പരാതികള്‍ ഉണ്ടാകും. പരാതി എന്ന് പറഞ്ഞാലുടന്‍ ”ലൈംഗികം” എന്ന് ഉദ്ദേശിച്ച് കഥ മെനയുന്നവരും, അതിലൂടെ ഇരയെ തകര്‍ക്കാന്‍ വീണ്ടും കോപ്പ് കൂട്ടുന്നവരും ഉണ്ട്.

ഞാന്‍ 14 വര്‍ഷം പണിയെടുത്ത സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചിറങ്ങും മുന്‍പ്, കേരള വനിതാകമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഒന്നര വര്‍ഷത്തിനിടെ പലതവണ കമ്മീഷന്‍ വിളിപ്പിച്ചെങ്കിലും, രണ്ടു തവണയാണ് അവര്‍ വന്നത്. വന്നപ്പോഴൊക്കെ പരാതിക്കാരിയെ നുണച്ചി എന്ന് വിളിക്കാനാണ് അവര്‍ താല്പര്യപ്പെട്ടത്. അവസാന തവണ കമ്മീഷനെ തന്നെ അപഹസിക്കുന്ന തരത്തിലാണ് അവര്‍ പെരുമാറിയത്.
ഞാന്‍ കാലാകാലങ്ങളായി സ്ഥാപനത്തിന് നല്‍കിയ പലവിധ പരാതികളുടെ കോപ്പി കമ്മീഷന്റെ മുന്നില്‍ ഇരിക്കുമ്പോഴും ”ജിഷ വ്യവസ്ഥാപിതപിതമായ തരത്തില്‍ പരാതി നല്‍കാതെ സ്ഥാപനത്തെ ഇകഴ്ത്താന്‍ നുണ പറയുന്നു” എന്നാണു അവര്‍ ആവര്‍ത്തിക്കുന്നത്.

ഒടുവില്‍, കമ്മീഷന്‍ ഇത് കോടതിയിലേക്ക് പറഞ്ഞു വിട്ടു, ജിഷക്കായി കമ്മീഷന്‍ തന്നെയാണ് വക്കീലിനെ ഏര്‍പ്പാടാക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ സമയമെടുക്കും എന്നെനിക്കറിയാം. എന്നാല്‍, പരാതിയില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തയ്യാറല്ലാത്തതു കൊണ്ട്, ഭാവിയില്‍ മാതൃകാപരമായ നടപടി പ്രതീക്ഷിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.

മനസിലാക്കുക, പരാതികള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരുടെ എണ്ണം കുറവാണ്. എല്ലാ സ്ഥാപനങ്ങളിലും, പ്രതി സ്ഥാനത്തുനില്‍ക്കുന്നവരുടെ മാനസിക നില പരിശോധിക്കാന്‍ ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായമടക്കം വിദഗ്ധ സേവനം തേടണമെന്നാണ് എന്റെ തോന്നല്‍.
കാരണം, നല്ല തൊഴിലാളികളെ വെട്ടാനും പിരിച്ചുവിടാനും വലിയ ആളായി ചമയാനും ആഗ്രഹിക്കുകയും നീചമായ കളികള്‍ കളിക്കുകയും ചെയ്യുന്ന സൈക്കോപാത്തുകളുടെ വിഭാഗത്തില്‍ പെട്ട മനുഷ്യര്‍ മിക്ക സ്ഥാപനങ്ങളിലും ഉണ്ട്.

പലപ്പോഴും, അവര്‍ ഇരിക്കുന്ന പൊസിഷന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയോ മറ്റു ക്വാളിറ്റികളോ അവര്‍ക്കുണ്ടാകില്ല. പക്ഷേ, ചീഞ്ഞ കളികളിലൂടെ മിടുക്കരെ വെട്ടുകയും നിലനിന്നു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ അധികാരികളെ മണിയടിച്ചു കഴിയുന്നവരുമായിരിക്കും.

അവരെ തിരിച്ചറിയാന്‍, മാനസികാരോഗ്യ സാക്ഷരതാ ഇല്ലാത്തവര്‍ക്ക് സാധ്യമല്ല. അതിനാല്‍, മാനേജ്മെന്റുകള്‍ തന്നെ അത്തരം സാക്ഷരതാ പരിപാടികള്‍ നല്‍കണം. സ്ഥാപനത്തിന്റെ മേല്‍ഗതി ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍, മിടുക്കര്‍ കൊഴിഞ്ഞുപോകാതിരിക്കാന്‍ അത്തരം സെഷനുകള്‍ ഒരുക്കുന്നതും നല്ലതാണ്. തമാശ എന്താണെന്ന് വെച്ചാല്‍, തലപ്പത്തിരിക്കുന്നവര്‍ക്കു അതാതു മേഖലകളില്‍ അറിവും ദീര്‍ഘവീക്ഷണവും ഉണ്ടാകാറില്ല എന്നതാണ്. വല്ലവരും പറയുമ്പോള്‍, സ്വാധീനിക്കപ്പെടുന്നതിന്റെ കാരണം അതാണ്.

Content highlight: Journalist Jisha Elizabeth calls for an Internal Complaints Committee (ICC) in all workplaces

We use cookies to give you the best possible experience. Learn more