കൊച്ചി: തനിക്കെതിരെ 24 ന്യൂസ് ചാനല്‍ അധികൃതര്‍ നടത്തന്നത് മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന വ്യാജ പ്രചാരണങ്ങളെന്ന് സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തക അസിത സഹീര്‍. പിതാവിന്റെ ചികിത്സയ്ക്കായി സ്ഥാപനത്തില്‍ നിന്ന് താന്‍ രണ്ടര ലക്ഷം രൂപ വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും അസിത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
24 ന്യൂസുമായി ബന്ധപ്പെട്ടവര്‍ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും വ്യാജ പ്രചാരണങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തന്റെ കുറിപ്പെന്നും അസിത വ്യക്തമാക്കി. കഴിഞ്ഞ ദിവസം 24 ന്യൂസിലെ ഒരു പരിപാടിയില്‍ ചാനല്‍ മാനേജിങ് ഡയരക്ടര്‍ ശ്രീകണ്ഠന് നായര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അസിത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
അച്ഛന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്ന് പറഞ്ഞ് രണ്ടര ലക്ഷം രൂപ വായ്പ വാങ്ങിയ ഒരാള്‍ ഒരു വാക്കുപോലും പറയാതെ ചാനല്‍ വിട്ടുപോയെന്ന് ശ്രീകണ്ഠന് നായര്‍ ചാനലിലെ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. രോഗിയായ അച്ഛനെ ഓര്‍ത്താണ് ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താത്തതെന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞിരുന്നു.
24 ന്യൂസ് ചാനല്‍ അവതാരകരുടെ സ്വര്‍ഗമാണെന്ന് അവകാശപ്പെട്ട ശ്രീകണ്ഠന് നായര്‍ അവിടെ നിന്ന് പോയവര്‍ ചിലപ്പോള്‍ കാറ്റുപോയ ബലൂണ്‍ പോലെയാകുമെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ചില വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും മുന്‍ ജീവനക്കാരെക്കുറിച്ച് ശ്രീകണ്ഠന് നായര്‍ ആരോപിച്ചിരുന്നു. ചില രഹസ്യങ്ങള്‍ താന്‍ പുറത്തുവിട്ടാല്‍ പലര്‍ക്കും ബുദ്ധിമുട്ടാകുമെന്നും തന്നെ പ്രകോപിപ്പിക്കരുതെന്നും ചാനല്‍ എം.ഡി പറഞ്ഞിരുന്നു.
ഇത്തരം ആരോപണങ്ങളെക്കുറിച്ച് അസിത സഹീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ പണം വാങ്ങിയെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
‘അറുപത്തിയഞ്ചാം വയസ്സിലും സ്വന്തം നിലയില്‍ മാത്രം അധ്വാനിച്ചു ജീവിക്കുന്ന ഒരച്ഛന്റെ മകളാണ് ഞാന്‍. എന്റെ പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കായോ രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരില്‍ നിന്നും വാങ്ങിയിട്ടില്ല.
24 എന്ന സ്ഥാപനത്തില്‍ ഞാന്‍ ജോലി ചെയ്ത എട്ട് മാസം ഒരു അസുഖത്തിനും എന്റെ പിതാവ് എവിടെയും ചികിത്സ തേടിയിട്ടുമില്ല. പിതാവിന്റെ ചികിത്സക്കായി ഞാന്‍ പണം വാങ്ങിയെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു,’ അസിത കുറിച്ചു.
മറ്റ് ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍, അത് താനാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി ആക്രമിച്ചു കീഴ്പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ നിശബ്ദയായിരിക്കില്ലെന്നും അസിത വ്യക്തമാക്കി. രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂര്‍ത്തീകരിക്കാന്‍ ആകാത്തതിനാല്‍ ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ട 93,204 രൂപ ജനപ്രിയ കമ്യൂണിക്കേഷന്‍സ് എന്ന അക്കൗണ്ടിലേക്ക് നല്‍കിയാണ് താന്‍ ഇറങ്ങുന്നതെന്നും തനിക്കെതിരെ തെറ്റിധാരണയുണ്ടാക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം ചാനല്‍ മേധാവി കാണിക്കണമെന്നും അസിത ആവശ്യപ്പെട്ടു.
Screenshot Shared by Asitha
ജനപ്രിയ എന്ന അക്കൗണ്ടിലേക്ക് 93,204 രൂപ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചാനലിന്റെ എച്ച്.ആര് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഇമെയിലിന്റെയും പണം അയച്ച ശേഷമുള്ള കണ്ഫൊമേഷന് മെയിലിന്റെയും സ്ക്രീന്‍ഷോട്ട് അസിത ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നല്കിയിയിട്ടുണ്ട്. താന്‍ ഇനി സാമ്പത്തിക ബാധ്യതകളൊന്നും തീര്‍ക്കാന്‍ ബാക്കിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ലഭിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അസിത പങ്കുവെച്ചു.
Screenshot Shared by Asitha
ആ പ്രസ്താവനയുടെ ചുവട് പിടിച്ചു രണ്ടര ലക്ഷം വാങ്ങി പറ്റിച്ചു എന്ന നിലയില്‍ എനിക്കെതിരെയും എന്റെ കുടുംബത്തിന് എതിരെയും വ്യാജവും അപമാനകരവുമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അസിത വ്യക്തമാക്കി.
Screenshot Shared by Asitha
‘സോഷ്യല്‍ മീഡിയ ടീമിനെ വച്ച് പ്രചാരണം നടത്തേണ്ട ആവശ്യം എനിക്ക് ഇല്ല. സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വം പ്രചരണം നടത്തുന്നു, പലതും പുറത്തു വിടും എന്നത് പോലെയുള്ള പ്രസ്താവനകള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.
മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗം ആണെന്നും മാധ്യമങ്ങളും, മാധ്യമ പ്രവത്തകരും ജനങ്ങളാല്‍ ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും എന്ന തിരിച്ചറിവ് ആണ് ആദ്യം ഉണ്ടാകേണ്ടത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ ആരെയും പ്രീതിപ്പെടുത്താനോ ഇന്നുവരെ ശ്രമിച്ചിട്ടില്ല,’ എന്നും അസിത കുറിച്ചു.
വിയോജിപ്പുകള്‍ പലതുണ്ടെങ്കിലും ഏറ്റവും മാന്യമായി ഒരു സ്ഥാപനത്തില്‍ നിന്നും ഇറങ്ങണം എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് 24ല്‍ നിന്നും രാജി വച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമ ചര്‍ച്ചകളുടെ ഭാഗമാകുകയോ ചെയ്യാതിരുന്നത്..
എന്നാല്‍ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ബന്ധപ്പെട്ടവര്‍ തന്നെ നടത്തുകയും വ്യാജ പ്രചരണങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്..
അധികാര വര്‍ഗ്ഗത്തിന് മുന്നില്‍ മുട്ടിലിഴയണോ തല ഉയര്‍ത്തിപ്പിടിച്ചു പോരാടണോ എന്നതൊക്കെ പൂര്‍ണമായും ഒരു ചാനല്‍ മാനേജ്മെന്റിന്റെയും എഡിറ്റോറിയലിന്റെയും തീരുമാനം ആണ്.. അതിനോട് യോജിക്കാനും വിയോജിക്കാനും, മൗനം തുടരാനും കലഹിച്ചിറങ്ങാനും ഉള്ള സ്വാതന്ത്ര്യം ഓരോ തൊഴിലാളിക്കും ഉണ്ട്..
ഞാന്‍ ഉള്‍പ്പെടെ ഓരോ മാധ്യമ പ്രവര്‍ത്തകരും പല കാലങ്ങളില്‍ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വന്നവരാണ്.. ഒരു സ്ഥാപനത്തില്‍ നിന്നും ഇറങ്ങുന്ന നിമിഷം അവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നവര്‍ തങ്ങളും പല ഇടങ്ങളില്‍ ജോലി ചെയ്തു വന്നവരാണ് എന്ന യാഥാര്‍ഥ്യം മറക്കുന്നത് നിര്‍ഭാഗ്യകരമാണ്..
അറുപത്തിയഞ്ചാം വയസ്സിലും സ്വന്തം നിലയില്‍ മാത്രം അധ്വാനിച്ചു ജീവിക്കുന്ന ഒരച്ഛന്റെ മകളാണ് ഞാന്‍..എന്റെ പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കായോ രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരില്‍ നിന്നും വാങ്ങിയിട്ടില്ല..
24 എന്ന സ്ഥാപനത്തില്‍ ഞാന്‍ ജോലി ചെയ്ത എട്ട് മാസം ഒരു അസുഖത്തിനും എന്റെ പിതാവ് എവിടെയും ചികിത്സ തേടിയിട്ടുമില്ല..പിതാവിന്റെ ചികിത്സക്കായി ഞാന്‍ പണം വാങ്ങിയെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു..
മറ്റ് ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ , അത് ഞാന്‍ എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി ആക്രമിച്ചു കീഴ്പ്പെടുത്താം എന്നാണെങ്കില്‍ നിശബ്ദമായി ഇരിക്കുകയും ഇല്ല..
24 നിര്‍ദ്ദേശിച്ച രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂര്‍ത്തീകരിക്കാന്‍ ആകാത്തതിനാല്‍ അവര്‍ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപ അവര്‍ തന്നെ ആവശ്യപ്പെട്ട ‘ജനപ്രിയ’ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് കൈ മാറിയതിന് ശേഷമാണ് 24 വിട്ടത് ..
പണം നല്‍കിയതിന്റെ രേഖകള്‍ കൂടി ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു..നഷ്ട പരിഹാര തുക നല്കി സ്ഥാപനം വിട്ട എനിക്കെതിരെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ ചാനല്‍ മേധാവി ആ പ്രസ്താവനയില്‍ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം കാണിക്കണം എന്ന് ആവശ്യപ്പെടുകയാണ്..
ആ പ്രസ്താവനയുടെ ചുവട് പിടിച്ചു രണ്ടര ലക്ഷം വാങ്ങി പറ്റിച്ചു എന്ന നിലയില്‍ എനിക്കെതിരെയും എന്റെ കുടുംബത്തിന് എതിരെയും വ്യാജവും അപമാനകരവുമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും..
സോഷ്യല്‍ മീഡിയ ടീമിനെ വച്ച് പ്രചാരണം നടത്തേണ്ട ആവശ്യം എനിക്ക് ഇല്ല.. സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വം പ്രചരണം നടത്തുന്നു , ‘പലതും പുറത്തു വിടും’ എന്നത് പോലെയുള്ള പ്രസ്താവനകള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു..
മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗം ആണെന്നും മാധ്യമങ്ങളും, മാധ്യമ പ്രവത്തകരും ജനങ്ങളാല്‍ ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും എന്ന തിരിച്ചറിവ് ആണ് ആദ്യം ഉണ്ടാകേണ്ടത്.. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ ആരെയും പ്രീതിപ്പെടുത്താനോ ഇന്നുവരെ ശ്രമിച്ചിട്ടില്ല..
ഓരോ വിഷയങ്ങളിലും ഇക്കാലയളവില്‍ സ്വീകരിച്ച നിലപാടുകള്‍ ഉറച്ച ബോധ്യത്തോടെ ഉള്ളവയാണ്..പറഞ്ഞ ഓരോ വാക്കും പൂര്‍ണ ഉത്തരവാദിത്തത്തോടെയാണ്.. അത് ഇനിയും തുടരും..
ശരി എന്ന് ബോധ്യം ഉള്ളവ ഇനിയും ഉച്ചത്തില്‍ തന്നെ പറയും.. ഭയപ്പെടുത്തലുകള്‍ കൊണ്ടും വ്യാജ ആക്ഷേപങ്ങള്‍ കൊണ്ടും അതിനെ ആര്‍ക്കും കീഴ്പ്പെടുത്താനും കഴിയില്ല ..
അസിത സഹീര്‍
Content Highlight: Journalist Asitha Saheer’s Response against Allegations Raised by Channel MD