ബല്ലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരവും പ്രകോപനകരവുമായ ചിത്രം പങ്കുവെച്ചെന്നാരോപിച്ച് മാധ്യപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്.
മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ജില്ലയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ പവന്‍ തിവാരിയെയാണ് അറസ്‌ററ് ചെയ്തതെന്ന് സിറ്റി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ക്ഷിതിജ് ത്രിപാഠി പറഞ്ഞു.
ബി.ജെ.പിയുടെ ഹനുമാന്‍ഗഞ്ച് മണ്ഡലം ജനറല്‍ സെക്രട്ടറി അമരീഷ് കുമാര്‍ പാണ്ഡെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
യോഗി ആദിത്യനാഥിനെതിരെ അധിക്ഷേപകരമായ ചിത്രം പങ്കുവെച്ചെന്നാണ് പ്രധാന ആരോപണം.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196 (1) (b) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതം, ജാതി, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനെതിരെയാണ് ഈ വകുപ്പ്.
ഞായറാഴ്ച്ച അപ്‌ലോഡ് ചെയ്ത പോസ്‌ററില്‍ മുഖ്യമന്ത്രിയുടെ ആക്ഷേകരമായ ചിത്രവും വിവാദത്മകമായ അടിക്കുറിപ്പുമുണ്ടെന്നാണ് പൊലീസിന്റെ വാദം.
സാമൂഹിക ഐക്യം തകര്‍ക്കാനും ഒരു പ്രത്യേക സമുദായത്തെ സര്‍ക്കാരിനെതിരെ പ്രകോപിപ്പിക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ് പോസ്‌റ്റെന്നും പരാതിക്കാരന്‍ ആരോപിച്ചു.
യോഗി ആദിത്യനാഥ് ഒരു ബ്രാഹ്‌മണയുവാവിന്റെ തലയിലെ കുടുമ ബലമായി വലിക്കുന്ന രീതിയിലുളള ചിത്രമാണ് പോസ്റ്റിലുണ്ടായിരുന്നത്.
‘സന്യാസിമാരുടെ നാട്ടില്‍ ഒരു രാവണന്‍ രാജ്യത്തിന്റെ അന്തസ്സ് തകര്‍ത്തു.
സ്വയം യോഗിയെന്ന് വിളിക്കുകയും ബ്രാഹ്‌മണ
യുവാക്കളെ കുടുമ പിടിച്ച് വലിച്ച് ചെരുപ്പുകൊണ്ട് തല്ലിക്കുകയും ചെയ്യുന്നവരെ സനാതനികള്‍ ഒരിക്കലും മറക്കില്ല, ഇതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
Content Highlight: Journalist arrested for posting on Facebook criticizing Yogi Adityanath