| Wednesday, 31st July 2019, 5:47 pm

ജോജു ഒരുപാട് റേഞ്ച് ഉള്ള നടന്‍ ; തിലകനില്‍ കണ്ട പ്രതിഭയാണ് ചെമ്പന്‍ വിനോദില്‍ കാണാന്‍ കഴിയുന്നത്; പ്രശംസയുമായി സംവിധായകന്‍ ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്മാരായ ജോജുവിനെയും ചെമ്പന്‍ വിനോദിനെയും പുകഴ്ത്തി സംവിധായകന്‍ ജോഷി. ഇരുവരും മികച്ച നടന്മാരാണെന്നും അദ്ദേഹം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നാലുവര്‍ഷത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു ജോഷിയുടെ തുറന്നുപറച്ചില്‍.

‘രണ്ട് നല്ല നടന്‍മാരുണ്ട് ഈ സിനിമയില്‍. ജോജുവും ചെമ്പന്‍ വിനോദും. ജോജുവിനെ ആദ്യം ശ്രദ്ധിക്കുന്നത് ബെസ്റ്റ് ആക്ടറിലാണ്. അതിനു ശേഷം സെവന്‍സിലേക്കു വിളിച്ചു. ജോസഫ് കണ്ടതോടെ അയാള്‍ ഒരുപാട് റേഞ്ചുള്ള നല്ല നടനാണെന്നു ബോധ്യമായി. മറ്റൊരാള്‍ ചെമ്പന്‍ വിനോദാണ്. ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പന്‍ വിനോദ് അഭിനയിക്കൂ. അത് നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.’ എന്നായിരുന്നു ജോഷിയുടെ പ്രതികരണം.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തുന്നത്.

ചാന്ത് വി ക്രീയേഷന്റെ ബാനറിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും.

ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്താണ്. പി.ആര്‍.ഒ വാഴൂര്‍ജോസ്, എസ് ദിനേശ്, ആതിര ദില്‍ജിത്ത്

DoolNews Video

 

We use cookies to give you the best possible experience. Learn more