ടി – 20 ലോകകപ്പിന് ഒരുങ്ങുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു തിരിച്ചടി. സൂപ്പര്‍ താരം ജോഷ് ഹെയ്സല്‍വുഡിന് ലോകകപ്പില്‍ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. താരം ലോകകപ്പ് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യില്ലെന്ന് സെലക്ടര്‍ ടോണി ഡോഡെമൈഡ് സ്ഥിരീകരിച്ചു.
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ റീഹാബിലിറ്റേഷനായി ഹെയ്സല്‍വുഡ് സിഡ്നിയില്‍ തുടരും. താരത്തിന്റെ അഭാവത്തില്‍ ഷോണ്‍ അബോട്ടിനെ ട്രാവലിങ് റീസര്‍വായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോഷ് ഹെയ്സല്‍വുഡ്. Photo: Johns/x.com
‘ജോഷ് ഓസ്ട്രേലിയയില്‍ തുടരും. ശ്രീലങ്കയിലേക്ക് പോകുന്നതിന് പകരം നാട്ടില്‍ തന്നെ റീഹാബിലിറ്റേഷന്‍ നടത്തുന്നതാണ് കൂടുതല്‍ പ്രായോഗികവും പ്രയോജനകരമെന്നും ഞങ്ങള്‍ക്ക് തോന്നി.
അതിനാല്‍ ഷോണ്‍ അബോട്ട് ടീമിനൊപ്പം തുടരും. അവന്‍ നിരവധി ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ച പരിചയുമുള്ള താരമാണ്,’ ഡോഡെമൈഡ് പറഞ്ഞു.
നേരത്തെയുണ്ടായിരുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയില്‍ നിന്ന് മുക്തമാവുന്നതിനിടെ ഹെയ്സല്‍വുഡിന് അക്കിലിസ് ഇഞ്ചുറി നേരിട്ടിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഇതേ പരിക്ക് മൂലം ഫാസ്റ്റ് ബൗളര്‍ക്ക് 2025-26 ആഷസ് പരമ്പരയും നഷ്ടമായിരുന്നു.
2026 ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡില്‍ നിന്ന് നേരത്തെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും പുറത്തായിരുന്നു. താരത്തിനും പരിക്ക് തന്നെയാണ് വില്ലനായത്.
പാറ്റ് കമ്മിൻസ്. Photo: Johns/x.com
ലോകകപ്പില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബി-യിലാണ് ഇടം പിടിച്ചിട്ടുള്ളത്. അയര്‍ലാന്‍ഡ്, ശ്രീലങ്ക, സിംബാബ്വെ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഫെബ്രുവരി 11നാണ് ടൂര്‍ണമെന്റിലെ ഓസ്ട്രേലിയുടെ ആദ്യ മത്സരം. അയര്‍ലാന്‍ഡാണ് എതിരാളികള്‍.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാറ്റ് റെന്‍ഷോ, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ഗ്ലെന്‍ മാക്സ്വെല്‍, കൂപ്പര്‍ കനോലി, മാര്‍കസ് സ്റ്റോയ്നിസ്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ലെറ്റ്, ബെന്‍ ഡ്വാര്‍ഷിയസ്, ആദം സാംപ, മാറ്റ് കുന്‍മാന്‍.
ട്രാവലിങ് റിസര്‍വ് : ഷോണ്‍ അബോട്ട്
Content Highlight: Josh Hazelwood to miss early T20 World Cup matches due to rehab