ഓസ്ട്രേലിയന്‍ പേസര്‍മാരായ ജോസ് ഹെയ്‌സല്‍വുഡിനും പാറ്റ് കമ്മിന്‍സിനും ഐ.പി.എല്‍ 2026 ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുവര്‍ക്കും ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. ഇതാണ് ഇരുവര്‍ക്കും വിനയാകുന്നത്.
ഹെയ്‌സല്‍വുഡിന്റെയും പാറ്റ് കമ്മിന്‍സിന്റെയും അഭാവം യഥാക്രമം ഡിഫന്‍ഡിങ് ചാമ്പ്യനായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദിനും (എസ്.ആര്‍.എച്ച്) വലിയ തിരിച്ചടിയാണ്.
ജോസ് ഹെയ്സൽവുഡും പാറ്റ് കമ്മിൻസും. Photo: Espncricinfo
ഐ.പി.എല്‍ സീസണ്‍ തുടങ്ങുമ്പോഴേക്കും ഇരു താരങ്ങളും സുഖം പ്രാപിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍, ഹെയ്‌സല്‍വുഡും കമ്മിന്‍സും അവസാന ഘട്ടമാവുമ്പോഴേക്കും ടീമിനൊപ്പം ചേര്‍ന്നാക്കാമെന്നും ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഫിസിയോകളില്‍ നിന്നുള്ള ക്ലിയറന്‍സിനുള്ള കാത്തിരിപ്പിലാണ്. ഹെയ്‌സല്‍വുഡിന്റെയും കമ്മിന്‍സിന്റെയും റിഹാബിലിറ്റേഷന്‍ പുരോഗമിക്കുകയാണ്. ഇരുവര്‍ക്കും ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമായേക്കും.
പക്ഷേ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ അവര്‍ ടീമുകള്‍ക്കൊപ്പം ചേര്‍ന്നേക്കാം. ഇത് പൂര്‍ണമായും ക്ലിയറന്‍സിനെ ആശ്രയിച്ചായിരിക്കും. അത് ലഭിച്ചാല്‍ ഉടനെ ഹെയ്‌സല്‍വുഡും കമ്മിന്‍സും ഇന്ത്യയിലേക്ക് തിരിക്കും,’ വൃത്തം പറഞ്ഞു.
ജോസ് ഹെയ്സൽവുഡ്. Photo: RCB
ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗിനിടെയാണ് ഹെയ്‌സല്‍വുഡിന് പരിക്കേല്‍ക്കുന്നത്. വലത് ഹാംസ്ട്രിങ്ങിനായിരുന്നു താരത്തിന്റെ പരിക്ക്. ഈ പരിക്കില്‍ നിന്ന് മുക്തമാവുന്നതിനിടെ താരത്തിന് അക്കില്ലസ് പരിക്കും നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് ആഷസും ടി – 20 ലോകകപ്പ് പേസര്‍ക്ക് നഷ്ടമായി.
അതേസമയം, കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയിലാണ് കമ്മിന്‍സിന് പരിക്കേല്‍ക്കുന്നത്. പുറം വേദന കൊണ്ട് ചികിത്സ നേടുന്ന താരം ആഷസിലെ ഒരു ടെസ്റ്റില്‍ കളിച്ചെങ്കിലും പിന്നീട് ടീമില്‍ നിന്ന് പുറത്തായി. ഇതിനൊപ്പം താരത്തിനും ടി – 20 ലോകകപ്പ് നഷ്ടമായി.
പാറ്റ് കമ്മിൻസ്. Photo: SRH
കമ്മിന്‍സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായതിനാല്‍ തന്നെ ടീമിന് വലിയ തിരിച്ചടിയാണ് താരത്തിന്റെ പരിക്ക്. താരത്തിന്റെ അഭാവത്തില്‍ ആദ്യ കുറച്ച് മത്സരങ്ങളില്‍ അഭിഷേക് ശര്‍മയോ ഇഷാന്‍ കിഷനോ എസ്.ആര്‍.എച്ച് ക്യാപ്റ്റനായേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Content Highlight: Josh Hazelwood and Pat Cummins to miss opening matches in IPL 2026