| Tuesday, 10th December 2024, 12:34 pm

ആ ഇന്ത്യന്‍ ബൗളര്‍ വിരാട് കോഹ്‌ലിയെ പോലെ; തുറന്നുപറഞ്ഞ് ഹെയ്‌സല്‍വുഡ്

സ്പോര്‍ട്സ് ഡെസ്‌ക്

മുഹമ്മദ് സിറാജിന്റെ അഗ്രഷനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ട്രാവിസ് ഹെഡുമായുള്ള കൊടുക്കല്‍ വാങ്ങലുകളും അതിന് ഐ.സി.സി നല്‍കിയ ശിക്ഷയുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. വിരാട് കോഹ്‌ലിയുടെ അഗ്രഷന്റെ ബാക്കിയാണ് സിറാജിലുള്ളത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോള്‍ സിറാജിനെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡ്. സിറാജ് വിരാട് കോഹ്‌ലിയെ പോലെ അത്യധികം ആവേശഭരിതനായ താരമാണെന്നും റോയല്‍ ചലഞ്ചേഴ്‌സില്‍ കളിക്കവെ സിറാജിനൊപ്പമുള്ള സമയം ആസ്വദിച്ചിരുന്നതായും ഹെയ്‌സല്‍വുഡ് പറയുന്നു.

‘റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ സിറാജിനൊപ്പമുള്ള സമയം ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. എനിക്ക് തോന്നുന്നത് ഒരു പരിധി വരെ അവനാണ് അവിടെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നാണ്.

അവന്‍ വിരാടിനെ പോലെയാണ്. ഏറെ ആവേശഭരിതനായ, മത്സരത്തിന്റെ ഒഴുക്കിനനുസരിച്ച് ചലിക്കുന്ന, സ്‌റ്റേഡിയത്തെയൊന്നാകെ ഇളക്കിമറിക്കാന്‍ സാധിക്കുന്ന താരമാണ് അവന്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഐ.പി.എല്ലില്‍ അവന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്,’ ഹെയ്‌സല്‍വുഡ് പറഞ്ഞു.

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം സിറാജ് പുറത്തെടുത്തിരുന്നു. ട്രാവിസ് ഹെഡിന്റേതടക്കം നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഹെഡിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഇരുവരും കൊമ്പുകോര്‍ത്തതും.

മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്തതിന് ശേഷമായിരുന്നു ഹെഡ് സിറാജിന് വിക്കറ്റ് സമ്മാനിച്ചത്. അതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഹെഡ് സിറാജിനെ സിക്സറിന് പറത്തിയിരുന്നു. ഇതിനുള്ള സിറാജിന്റെ മറുപടിയായിരുന്നു കുറ്റി തെറിപ്പിച്ച യോര്‍ക്കര്‍.

തന്നെ ബൗള്‍ഡാക്കിയ സിറാജിനോട് അത് നല്ല ഡെലിവെറിയായിരുന്നു എന്നാണ് പറഞ്ഞതെന്നാണ് ഹെഡിന്റെ പക്ഷം. എന്നാല്‍ ഹെഡിനോട് കയറിപ്പോകാനുള്ള ആംഗ്യം കാണിച്ചാണ് സിറാജ് വിക്കറ്റ് ആഘോഷിച്ചത്.

ഇരുവരും ഒന്നുരണ്ട് വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും പറഞ്ഞു. രൂക്ഷമായിട്ടായിരുന്നു സിറാജിന്റെ പ്രതികരണമെന്നത് താരത്തിന്റെ മുഖഭാവം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മത്സരശേഷം പരസ്പരം ആലിംഗനം ചെയ്ത് സിറാജും ഹെഡും കളത്തിലെ പോര് കളത്തില്‍വെച്ചുതന്നെ അവസാനിപ്പിച്ചു.

പക്ഷേ അതങ്ങനെ വെറുതെ വിടാന്‍ ഐ.സി.സി ഒരുക്കമായിരുന്നില്ല. പെരുമാറ്റച്ചട്ട ലംഘനത്തിന് സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഹെഡിന് താക്കീതും കിട്ടി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിച്ച ആദ്യ തെറ്റായതിനാലാണ് ഇരുവരും മത്സരവിലക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

Content highlight: Josh Hazelwood about Mohammed Siraj

We use cookies to give you the best possible experience. Learn more