| Thursday, 11th July 2013, 12:59 am

തെറ്റ് ചെയ്തിട്ടില്ല; യുവതിയെ അറിയാം: തെറ്റയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുവതിയെയും കുടുംബത്തെയും തനിക്ക് വര്‍ഷങ്ങളായി അറിയാം. മണ്ഡലത്തിലെ വോട്ടര്‍മാരെന്ന നിലയിലുള്ള പരിചയമാണ്. എന്നാല്‍, ടി.വി ചാനലുകളില്‍ വന്ന വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തി താങ്കളാണോ എന്ന ചോദ്യത്തിന് തെറ്റയില്‍ മറുപടി പറഞ്ഞില്ല.


[]കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എ 17 ദിവസത്തെ അഞ്ജാതവാസത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി. []

ജൂണ്‍ 23 മുതല്‍ നിയമസഭയില്‍ നിന്നടക്കം വിട്ടുനിന്ന തെറ്റയില്‍ അഭിഭാഷകനായ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്റെ കച്ചേരിപ്പടിയിലെ വസതിയിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

ഒളിവില്‍ നിന്ന് എന്ന് തിരിച്ചെത്തി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്  താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നുമായിരുന്നു മറുപടി.

യുവതിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെറ്റയില്‍ പറഞ്ഞു.
മകനുവേണ്ടി പരാതിക്കാരിയെ വിവാഹം ആലോചിച്ചിട്ടില്ല.

യുവതിയെയും കുടുംബത്തെയും തനിക്ക് വര്‍ഷങ്ങളായി അറിയാം. മണ്ഡലത്തിലെ വോട്ടര്‍മാരെന്ന നിലയിലുള്ള പരിചയമാണ്. എന്നാല്‍, ടി.വി ചാനലുകളില്‍ വന്ന വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തി താങ്കളാണോ എന്ന ചോദ്യത്തിന് തെറ്റയില്‍ മറുപടി പറഞ്ഞില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.

യുവതിയുടെ മുറിയിലെ വെബ് ക്യാമറ, ലാപ്‌ടോപ്പ് തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ അതിലുള്‍പ്പെടുന്ന കാര്യങ്ങളെല്ലാം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളാണെന്നും താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാജി വെക്കേണ്ടതില്ലെന്നാണ് ഇടതു മുന്നണിയും പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.ഐയും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്നും തെറ്റയില്‍ പറഞ്ഞു.

അഭിഭാഷകനായ താന്‍ കോടതിയോട് ബഹുമാനമുള്ള ആളാണ്. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരോട് കേസിനെക്കുറിച്ച് സംസാരിക്കാതിരുന്നത്. നിയമസഭയില്‍ ഹാജരാകാതിരുന്നതിന് സഭ രണ്ടുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ന്യായീകരണമാണ് അദ്ദേഹം നല്‍കിയത്.

അതേ സമയം കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ജില്ലയിലെ ഒരു മന്ത്രിയാണ് ഇതിന് പിന്നിലെന്നും തെറ്റയിലിനൊപ്പമുണ്ടായിരുന്ന സി.പി.ഐ.എം ഏരിയ സെക്രട്ടറി പി.ജെ. വര്‍ഗീസ് ആരോപിച്ചു.

തെറ്റയിലിന്റെ വാര്‍ത്താസമ്മേളനം അവസാനിച്ചയുടനെ തെറ്റയില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിഭാഷകന്റെ വസതിയിലേക്കു മാര്‍ച്ചു നടത്തി. ഇവരെ ബലപ്രയോഗത്തിലൂടെ പൊലീസ് നീക്കം ചെയ്ത ശേഷമായിരുന്നു തെറ്റയിലിന്റെ മടക്കം. പുറത്തിറങ്ങിയ തെറ്റയിലിനെ പത്തോളം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

Latest Stories

We use cookies to give you the best possible experience. Learn more