| Friday, 12th September 2025, 9:54 pm

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി; കത്തിലെ പേരുകള്‍ പുറത്തുവിടാതെ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിനിടെ ജീവനൊടുക്കിയ മുള്ളന്‍കൊല്ലിയിലെ വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു എന്ന് ആരോപിക്കുന്ന കത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സാമ്പത്തിക ബാധ്യതയുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പേര് കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പേരുകള്‍ പൊലീസ് പുറത്തുവിടാന്‍ തയ്യാറായില്ല.

ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിനടുത്ത പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച്, കാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് അന്യായമായി ജയിലില്‍ കിടക്കേണ്ടി വന്ന കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്‍, ജോസിന്റെ പേരില്‍ ആരോപണം ഉന്നയിച്ചിരുന്നു. വീട്ടില്‍ മദ്യവും സ്‌ഫോടക വസ്തുക്കളും വെച്ച കേസിലാണ് തങ്കച്ചന്‍ പിടിയിലായത്. പിന്നീട് 17 ദിവസത്തിന് ശേഷം തങ്കച്ചന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പൊലീസ് വെറുതെ വിട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്‍

ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് ഇരയാണ് താനെന്നും തന്നെ മനപൂര്‍വം കേസില്‍പെടുത്തിയതാണെന്നും തങ്കച്ചന്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചനാണെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.

ഈ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ജോസിന്റെ മരണം. തങ്കച്ചന്‍ ആരോപണം ഉന്നയിച്ചിരുന്ന ഒരാളായിരുന്നു ജോസ് നെല്ലേടം. കേസുമായി ബന്ധപ്പെട്ട ജോസ് നെല്ലേടത്തെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേര്‍ന്ന രീതിയല്ല കോണ്‍ഗ്രസിന്റേതെന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് വിമര്‍ശിച്ചു. ‘പ്രവര്‍ത്തകരെ ജയിലിലടച്ചും മരണത്തിലേക്ക് തള്ളിവിട്ടും തങ്ങളുടെ അധികാരം ഉപയോഗിച്ച് സമ്പത്ത് സമ്പാദിക്കുക എന്ന നിലയിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം മാറിയിരിക്കുന്നു. വളരെ ഗൗരവമായിത്തന്നെ ഈ വിഷയത്തെ കാണേണ്ടതുണ്ട്’, റഫീഖ് പറഞ്ഞു.

Content Highlight: Jose Nelledam’s suicide note found; Police not releasing names in the letter

We use cookies to give you the best possible experience. Learn more