ആലുവ: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ച ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവു നായ ഉന്മൂലന സമിതിയുമായിച്ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
തെരുവുനായ്ക്കളെ കൊന്ന് തെളിവു ഹാജരാക്കുന്നവര്‍ക്ക് 500 രൂപവീതം നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുട്ടികളടക്കം നിരവധിപേരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിട്ടും സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും അലംഭാവം കാണിക്കുന്ന സാഹചര്യത്തിലായിരുന്നു ജോസ് മാവേലി ഈ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ പാടില്ല എന്നാണ് കഴിഞ്ഞ ദിവസം ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നിലപാടെടുത്തത്. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുമ്പ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡി.ജി.പിയുടെ ഈ നിലപാട്.