| Tuesday, 17th June 2025, 10:27 pm

അവരാണ് റൊണാള്‍ഡോയെ മികച്ച താരമാക്കാന്‍ സഹായിച്ചത്; മുന്‍ ബ്രസീലിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ കരുത്തില്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയ്‌നിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ കിരീടമുയര്‍ത്തിയിരുന്നു.

മാത്രമല്ല പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് റോണോ കുതിക്കുന്നത്. ഇതുവരെ 138 ഗോളുകളാണ് പറങ്കികള്‍ക്കായി താരം നേടിയത്. കൂടാതെ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോള്‍ നേടുന്ന താരവും റോണോ തന്നെയാണ്. 937 ഗോളുകളാണ് താരം നിലവില്‍ നേടിയത്. 1000 കരിയര്‍ ഗോള്‍ എന്ന ഇതിഹാസ നേട്ടത്തിലേക്കാണ് താരം ഉന്നമിടുന്നത്.

ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഇതിഹാസ താരമായി മാറുന്നതിന് കാരണക്കാരായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പറയുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ബ്രസീലിയന്‍ താരം ക്ലെബര്‍സണ്‍. റൊണാള്‍ഡോയുടെ വളര്‍ച്ചയില്‍ റിയോ ഫെര്‍ഡിനാന്‍ഡ്, റോയ് കീന്‍, ഗാരി നെവില്‍ എന്നിവര്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ക്ലെബര്‍സണ്‍ പറഞ്ഞത്.

‘മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്ക്ക് സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ എന്ന പ്രത്യേക ഉപദേഷ്ടാവ് ഉണ്ടായിരുന്നു, അദ്ദേഹം റൊണാള്‍ഡോയെ ശരിയായ ദിശയിലേക്ക് നയിച്ചു. ഫെര്‍ഡിനാന്‍ഡ്, റോയ് കീന്‍, ഗാരി നെവില്‍ എന്നിവര്‍ റൊണാള്‍ഡോയെ മികച്ച താരമാകാന്‍ സഹായിച്ചു. ആ കാലങ്ങളില്‍ റൊണാള്‍ഡോക്ക് ഉണ്ടായിരുന്ന ശക്തമായ മാനസികാവസ്ഥ എന്നെ ശരിക്കും ആകര്‍ഷിച്ചു,’ ക്ലെബര്‍സണ്‍ ദി മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ്ങില്‍ നിന്നും 18 വയസുള്ളപ്പോഴാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്. 12 മില്യണ്‍ പൗണ്ടിനായിരുന്നു റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിയത്. ഈ കാലങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോഡ് തുകയായിരുന്നു ഇത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ റൊണാള്‍ഡോ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. റെഡ് ഡെവിള്‍സിനായി റൊണാള്‍ഡോ 346 മത്സരങ്ങളില്‍ നിന്ന് 145 ഗോളുകള്‍ നേടുകയും 64 അസിസ്റ്റുകളും ആണ് നേടിയത്.

Content Highlight: Jose Kleberson Talking About Cristiano Ronaldo

We use cookies to give you the best possible experience. Learn more