ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 119 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ത്രീ ലയണ്‍സ് സ്വന്തമാക്കിയത്. ദി ഏജീസ് ബൗളില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 19 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വമ്പന്‍ സ്‌കോറിലെത്തിയത്.
പുറത്താകാതെ 49 പന്തില്‍ നിന്ന് ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 114 റണ്‍സാണ് ബ്രൂക്ക് നേടിയത്. 232.65 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയായിരുന്നു ബട്‌ലര്‍ കളം വിട്ടത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് ബട്‌ലര്‍ ഈ നേട്ടത്തില്‍ മുന്നേറിയത്.
(താരം, മത്സരം, റണ്‍സ് എന്ന ക്രമത്തില്‍)
ബാബര്‍ അസം (പാകിസ്ഥാന്‍) – 145 – 4596
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 161 – 4292
രോഹിത് ശര്‍മ (ഇന്ത്യ) – 159 – 4231
വിരാട് കോഹ്‌ലി (ഇന്ത്യ) – 125 – 4188
അതേസമയം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി 33 റണ്‍സ് നേടിയദുനിത് വെല്ലാലഗെ മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം നടത്തിയത്. ത്രീ ലയണ്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സോണി ബേക്കര്‍ തിളങ്ങിയപ്പോള്‍ ലിയാം ഡോസണ്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അതേസമയം ഇരുവരും തമ്മിലുള്ള പരമ്പരയിലെ രണ്ടാം മത്സരം നാളെ (വ്യാഴം) സോഫിയ ഗാര്‍ഡന്‍സില്‍ നടക്കും.
Content Highlight: Jos Buttler Surpass Rohit Sharma In Great Record Achievement In T-20I