| Friday, 27th February 2026, 9:59 pm

എന്നാലും എന്റെ ജോസേട്ടാ... ബംഗ്ലാ കടുവകള്‍ കുത്തകയാക്കിയ നാണക്കേടില്‍ ഇനി ഒന്നാമന്‍

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ മോശം പ്രകടനം തുടര്‍ന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോഷ് ബട്‌ലര്‍. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന സൂപ്പര്‍ 8 മത്സരത്തില്‍ സില്‍വര്‍ ഡക്കായാണ് ബട്‌ലര്‍ പുറത്തായത്.

രണ്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ബട്‌ലറിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ടിന് ക്യാച്ച് നല്‍കിയായിരുന്നു ബട്‌ലര്‍ തിരികെ നടന്നത്.

ഈ ഡക്കോടെ ഒരു മോശം നേട്ടവും ഇംഗ്ലണ്ട് ഓപ്പണറുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ടി-20 ലോകകപ്പില്‍ ഒരു ഓപ്പണിങ് ബാറ്ററുടെ മോശം ബാറ്റിങ് ശരാശരിയുടെ അനാവശ്യ നേട്ടമാണ് ബട്‌ലറിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ലോകകപ്പില്‍ കളിച്ച അവസാന അഞ്ച് ഇന്നിങ്‌സിലും ഇരട്ടയക്കം കാണാതെ പുറത്തായ ബട്‌ലറിന് 8.85 എന്ന ബാറ്റിങ് ശരാശരിയാണുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും 62 റണ്‍സ് മാത്രമാണ് ബട്‌ലറിന് ഇതുവരെ നേടാനായത്.

ഒരു ലോകകപ്പില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ഓപ്പണര്‍

(താരം – ടീം – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

ജോഷ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 8.85 – 2026*

തന്‍സിദ് ഹസന്‍ – ബംഗ്ലാദേശ് – 10.85 – 2024

തമീം ഇഖ്ബാല്‍ – ബംഗ്ലാദേശ് – 11.85 – 2014

കൈല്‍ കോട്‌സര്‍ – സ്‌കോട്‌ലാന്‍ഡ് – 12.00 – 2021

ലിട്ടണ്‍ ദാസ് – ബംഗ്ലാദേശ് – 12.71 – 2021

(ചുരുങ്ങിയത് ഏഴ് മത്സരം)

നേപ്പാളിനെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 21 പന്തില്‍ 26 റണ്‍സ് നേടിയ ബട്‌ലര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 14 പന്തില്‍ 21 റണ്‍സ് നേടി മടങ്ങി. സ്‌കോട്‌ലാന്‍ഡിനെതിരെയും ഇറ്റലിക്കെതിരെയും മൂന്ന് റണ്‍സിന് പുറത്തായ ബട്‌ലര്‍ ശ്രീലങ്കയ്‌ക്കെതിരെ 14 പന്തില്‍ ഏഴ് റണ്‍സും പാകിസ്ഥാനെതിരെ മൂന്ന് പന്തില്‍ രണ്ട് റണ്‍സും നേടി. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ ഈ ലോകകപ്പിലെ ആദ്യ ഡക്കും തന്റെ പേരിന് നേരെ കുറിച്ചു.

അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി സാം കറന്‍, 11 പന്തില്‍ ഒമ്പത് റണ്‍സുമായി ടോം ബാന്റണ്‍ എന്നിവരാണ് ക്രീസില്‍.

ഫില്‍ സാള്‍ട്ട് (നാല് പന്തില്‍ രണ്ട്), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (24 പന്തില്‍ 26), ജേകബ് ബേഥല്‍ (16 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളുമാണ് ബട്‌ലറിന് പുറമെ ടീമിന് നഷ്ടപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. 28 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ്പ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ടീം സീഫെര്‍ട്ട് 25 പന്തില്‍ 35 റണ്‍സും ഫിന്‍ അലന്‍ 19 പന്തില്‍ 29 റണ്‍സും നേടി ടോട്ടലില്‍ നിര്‍ണായകമായി.

ഇംഗ്ലണ്ടിനായി വില്‍ ജാക്‌സ്, ആദില്‍ റഷീദ്, രെഹന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയാം ഡോവ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Jos Buttler set an unwanted record of lowest batting average by an opener in a T20 World Cup Edition

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more