| Thursday, 6th August 2026, 8:18 am

കീഴടങ്ങാന്‍ ഊഴം ഇനി പൊള്ളാര്‍ഡിന്; ജോസേട്ടന്റെ ലക്ഷ്യം ലോകക്രിക്കറ്റിന്റെ സിംഹാസനം

ആദർശ് എം.കെ.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്ക് കൂടുതല്‍ അടുത്ത് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. വെറും 22 റണ്‍സകലെയാണ് കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന സിംഹാസനം ബട്‌ലറിനെ കാത്തിരിക്കുന്നത്.

നിലവില്‍ 491 ഇന്നിങ്‌സില്‍ നിന്നും 14,782 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പേരിലുള്ളത്. 35.36 എന്ന ശരാശരിയിലും 147.02 സ്‌ട്രൈക് റേറ്റിലും ഒമ്പത് സെഞ്ച്വറിയടക്കമാണ് ബട്‌ലറിന്റെ തേരോട്ടം. 105 അര്‍ധ സെഞ്ച്വറികളും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

ജോസ് ബട്‌ലര്‍. Photo: Rajasthan Royals/x.com

663 ഇന്നിങ്‌സില്‍ നിന്നും 14,803 റണ്‍സുമായി കരീബിയന്‍ ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

കെയ്‌റോണ്‍ പൊള്ളാര്‍ഡ്. Photo: MI/x.com

ഏറ്റവുമധികം ടി-20 റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന അലക്‌സ് ഹെയ്ല്‍സിന്റെ സിംഹാസനം ഇതിനോടകം സ്വന്തമാക്കിയ ബട്‌ലര്‍, ഏറ്റവുമധികം ടി-20 റണ്‍സെന്ന നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

കെയ്‌റോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 663 – 14,803

ജോസ് ബട്‌ലര്‍ – (ഇംഗ്ലണ്ട്) – 491 – 14,782

ക്രിസ് ഗെയ്ല്‍ – (വെസ്റ്റ് ഇന്‍ഡീസ്) – 463 – 14,562

അലക്‌സ് ഹെയ്ല്‍സ് (ഇംഗ്ലണ്ട്) – 523 – 14,562

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 439 – 14,284

വിരാട് കോഹ്‌ലി (ഇന്ത്യ) – 413 – 14,218

ഇംഗ്ലണ്ട് ദേശീയ ടീമിന് പുറമെ കൊമില്ല വിക്ടോറിയന്‍സ് (ബി.പി.എല്‍), ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് (എസ്.എ 20), ഇംഗ്ലണ്ട് ലയണ്‍സ്, ഇംഗ്ലണ്ട് ഇലവന്‍, ഗുജറാത്ത് ടൈറ്റന്‍സ് (ഐ.പി.എല്‍), ലങ്കാഷയര്‍ (വൈറ്റാലിറ്റി ബ്ലാസ്റ്റ്), മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് (ദി ഹണ്‍ഡ്രഡ്), മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ് (ദി ഹണ്‍ഡ്രഡ്), മെല്‍ബണ്‍ റെനഗേഡ്‌സ് (ബി.ബി.എല്‍), മുംബൈ ഇന്ത്യന്‍സ് (ഐ.പി.എല്‍), പാള്‍ റോയല്‍സ്( എസ്.എ 20), രാജസ്ഥാന്‍ റോയല്‍സ് (ഐ.പി.എല്‍), സോമര്‍സെറ്റ് (വൈറ്റാലിറ്റി ബ്ലാസ്റ്റ്), സിഡ്നി തണ്ടര്‍ (ബി.ബി.എല്‍) ടീമുകള്‍ക്ക് വേണ്ടിയാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ താരം ബാറ്റേന്തിയത്.

ജോസ് ബട്‌ലര്‍. Photo: ECB/x.com

ദി ഹണ്‍ഡ്രഡിന്റെ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളത്തിലിറങ്ങുന്ന താരം നിലവില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് ഇന്നിങ്‌സില്‍ നിന്നും 155 പന്ത് നേരിട്ട് 277 റണ്‍സാണ് താരം നേടിയത്. 290 റണ്‍സുമായി ലീഡ്‌സ് സണ്‍റൈസേഴ്‌സ് താരം മിച്ചല്‍ മാര്‍ഷാണ് ഒന്നാമത്.

ആറ് മത്സരത്തില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് നിലവില്‍ മാഞ്ചസ്റ്റര്‍. ഓഗസ്റ്റ് എട്ടിനാണ് ടീമിന്റെ അടുത്ത മത്സരം. സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ സതേണ്‍ ബ്രേവാണ് എതിരാളികള്‍.

Content Highlight: Jos Buttler need 22 runs to top the list of Most Runs in T20 format

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more