| Sunday, 12th April 2026, 11:49 pm

14 ടീമുകളിലും വെടിക്കെട്ട്; ലഖ്‌നൗവിനെതിരായ താണ്ഡവത്തില്‍ പിറന്നത് കിടിലന്‍ മൈല്‍സ്റ്റോണ്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി ഗുജറാത്ത് വിജയം നേടുകയായിരുന്നു.

ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ജോസ് ബട്‌ലറായിരുന്നു. 37 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. 162.16 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ബട്ലറിന്റെ വെടിക്കെട്ട്. വെടിക്കെട്ട് പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ബട്ലര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ബട്‌ലറിന് സാധിച്ചത്. 467 ഇന്നിങ്സില്‍ നിന്ന് 14021 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. മാത്രമല്ല ലഖ്നൗവിനെതിരായ പ്രകടനത്തോടെ ടി-20 ഫോര്‍മാറ്റില്‍ 100 അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. കൂടാതെ എട്ട് സെഞ്ച്വറിയും ജോസേട്ടന്റെ അക്കൗണ്ടിലുണ്ട്.

കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ഇംഗ്ലണ്ട്, ഇംഗ്ലണ്ട് ലയണ്‍സ്, ഇംഗ്ലണ്ട് ഇലവന്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മെല്‍ബണ്‍ റെനഗെഡ്‌സ്, മുംബൈ ഇന്ത്യന്‍സ്, പാള്‍ റോയല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സോമര്‍സെറ്റ്, സിഡ്‌നി തണ്ടര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബട്ലര്‍ ടി-20 ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്.

അതേസമയം ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 40 പന്തില്‍ ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സും നേടി. 13 പന്തില്‍ 21 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 10 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്.

ലഖ്‌നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് റാഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലഖ്‌നൗവിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രമാണ്. ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 21 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 18 റണ്‍സിന് പുറത്തായതോടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

പിന്നീട് നിക്കോളാസ് പൂരന്‍ (19), അബ്ദുല്‍ സമദ് (18), മുകുള്‍ ചൗധരി (18), ജോര്‍ജ് ലിന്‍ഡെ (16) എന്നിവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അവസാനത്തെ മൂന്ന് ഓവറില്‍ സ്‌കോര്‍ ഉയര്‍ത്തി വലിയ തിരിച്ചുവരവാണ് എല്‍.എസ്.ജി നടത്തിയത്.

അതേസമയം ഗുജറാത്തിനു വേണ്ടി വമ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് പ്രസിദ്ധ് കൃഷ്ണയാണ്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. അശോക് ശര്‍മ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Jos Buttler Complete 14000 Runs In T-20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more