ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ചരിത്ര നേട്ടവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍. കഴിഞ്ഞ ദിവസം ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ 10,000 വൈറ്റ് ബോള്‍ റണ്‍സ് എന്ന നേട്ടത്തിലേക്കാണ് സൂപ്പര്‍ താരം കാലെടുത്ത് വെച്ചത്.
ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ (ഏകദിനം, ടി-20) 10,000 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരം കൂടിയാണ് ബട്‌ലര്‍. നിലവില്‍ 10,062 റണ്‍സാണ് ബട്‌ലര്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ നിന്നും നേടിയത്.
ജോസ് ബട്‌ലര്‍. Photo: ICC
ഏകദിനത്തിലെ 176 ഇന്നിങ്‌സില്‍ നിന്നുമായി 39.15 ശരാശരിയില്‍ 5,678 റണ്‍സാണ് ബട്‌ലറിന്റെ പേരിലുള്ളത്. 30 അര്‍ധ സെഞ്ച്വറിയും 11 സെഞ്ച്വറിയും നേടിയ ബട്‌ലറിന്റെ ഉയര്‍ന്ന സ്‌കോര്‍ 2022ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പുറത്താകാതെ നേടിയ 164 റണ്‍സാണ്.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ത്രീ ലയണ്‍സിനായി ബാറ്റെടുത്ത 150 ഇന്നിങ്‌സില്‍ നിന്നും 34.79 ശരാശരിയിലും 150.13 സ്‌ട്രൈക് റേറ്റിലും 4,384 റണ്‍സാണ് താരം നേടിയത്. 30 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും 20 ഓവര്‍ ഫോര്‍മാറ്റില്‍ ബട്‌ലര്‍ ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്.
ഈ വര്‍ഷം ഇന്ത്യയ്‌ക്കെതിരെ സതാംപ്ടണില്‍ അടിച്ചെടുത്ത 131 റണ്‍സാണ് ഹൈ സ്‌കോര്‍.
ജോസ് ബട്‌ലര്‍. Photo: ECB/x.com
അതേസമയം, മത്സരത്തില്‍ ഇംഗ്ലണ്ടിന് പരാജയം നേരിടേണ്ടി വന്നിരുന്നു. ലങ്ക ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക സ്‌കോര്‍ ഉയര്‍ത്തിയത്. 100 പന്ത് നേരിട്ട് 121 റണ്‍സുമായാണ് മെന്‍ഡിസിന്റെ മടക്കം.
അര്‍ധ സെഞ്ച്വറി നേടിയ കാമിന്ദു മെന്‍ഡിസും (65 പന്തില്‍ 54) ലങ്കന്‍ നിരയില്‍ കരുത്തായി. പവന്‍ രത്‌നനായകെ (39 പന്തില്‍ 48), ജനിത് ലിയനാഗെ (26 പന്തില്‍ 32) എന്നിവരാണ് ശ്രീലങ്കയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടോം ബാന്റണ്‍ (62 പന്തില്‍ 73), ജോ റൂട്ട് (49 പന്തില്‍ 69), ബെന്‍ ഡക്കറ്റ് (63 പന്തില്‍ 67), വില്‍ ജാക്‌സ് (61 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാനാകാതെ വീഴുകയായിരുന്നു.
അതേസമയം, ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയില്‍ ഒപ്പമെത്താനും ശ്രീലങ്കയ്ക്ക് സാധിച്ചു.
സെപ്റ്റംബര്‍ 27നാണ് സീരീസ് ഡിസൈഡര്‍ മത്സരം. ഓവലാണ് വേദി. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ജയം മാത്രം ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക.
Content highlight: Jos Buttler becomes the 1st English player to complete 10,000 white ball runs