ടി-20 ഫോര്‍മാറ്റില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ക്രിക്കറ്ററായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലാണ് ബട്‌ലര്‍ ഈ ചരിത്രനേട്ടം കുറിച്ചത്.
കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സ് നേടിയതിന് പിന്നാലെയാണ് ബട്‌ലറിനെ തേടി ഈ ഐതിഹാസിക നേട്ടമെത്തിയത്. നാല് ഫോറും ഒരു സിക്‌സറും അടക്കം 187.50 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
ഇതിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും സ്വാഭാവികമായി ഇംഗ്ലീഷ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. കരിബീയന്‍ കൊടുങ്കാറ്റ് കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മറികടന്നുകൊണ്ടായിരുന്നു ബട്‌ലറിന്റെ നേട്ടം.
2022ൽ രാജസ്ഥാൻ റോയൽസിനൊപ്പം. Photo: Rajasthan Royals/x.com
നിലവില്‍ 14,999 റണ്‍സാണ് പൊള്ളാര്‍ഡിന്റെ പേരിലുള്ളത്. ചരിത്രത്തിലാദ്യമായി 15,000 ടി-20 റണ്‍സ് എന്ന നേട്ടം പൊള്ളാര്‍ഡിന് നഷ്ടമായത് വെറും ഒറ്റ റണ്‍സിനാണ് എന്നതും ശ്രദ്ധേയമാണ്.
കെയ്റോൺ പൊള്ളാർഡ്
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയ 528 മത്സരത്തിലെ 497 ഇന്നിങ്‌സില്‍ നിന്നുമാണ് ബട്‌ലര്‍ 15,000 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്. 35.46 ശരാശരിയിലും 147.46 എന്ന സ്‌ട്രൈക് റേറ്റിലും ബാറ്റ് വീശുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുട്ടി ക്രിക്കറ്റില്‍ 107 അര്‍ധ സെഞ്ച്വറികളും ഒമ്പത് സെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്. 131 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഗുജറാത്ത് ടെെറ്റൻസിൽ കളിക്കവെ.Photo: Gujarat Titans/x.com
ഇംഗ്ലണ്ട് ദേശീയ ടീമിന് പുറമെ കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ഇംഗ്ലണ്ട് ലയണ്‍സ്, ഇംഗ്ലണ്ട് ഇലവന്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, മുംബൈ ഇന്ത്യന്‍സ്, പാള്‍ റോയല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സോമര്‍സെറ്റ്, സിഡ്‌നി തണ്ടര്‍ ടീമുകള്‍ക്കായാണ് താരം കളത്തിലിറങ്ങിയത്.
OG മാഞ്ചസ്റ്റർ ഒറിജിനൽ. Photo: The Hundred
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 2-0ന് മുമ്പിലാണ്. കാര്‍ഡിഫില്‍ ആറ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
സന്ദര്‍ശകര്‍ ഉയര്‍ത്തിയ 146 റണ്‍സിന്റെ ലക്ഷ്യം 47 പന്ത് ശേഷിക്കെ അര്‍ധ സെഞ്ച്വറി നേടിയ ടോം ബാന്റണിന്റെ (24 പന്തില്‍ 52*) കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
നാളെയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.
ഇതിനോടകം പരമ്പര നഷ്ടപ്പെട്ടതിനാല്‍ മൂന്നാം മത്സരത്തിലെങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനാകും ലങ്ക ഒരുങ്ങുന്നത്. അതേസമയം, സ്വന്തം മണ്ണില്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യുക എന്ന ലക്ഷ്യമാകും ത്രീ ലയണ്‍സിനുണ്ടാവുക.
Content highlight: Jos Buttler becomes 1st batter to score 15,000 runs in T20s