| Friday, 17th April 2026, 9:16 pm

ടി-20യില്‍ 'ട്രിപ്പിള്‍ സെഞ്ച്വറി' ചോരാത്ത കൈകളുമായി ജോസേട്ടന്‍ ചരിത്രത്തിലേക്ക്

Sudev A

ടി-20 ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍. ടി-20 ഫോര്‍മാറ്റില്‍ 300 ക്യാച്ചുകള്‍ നേടിയാണ് ബട്‌ലര്‍ ചരിത്രമെഴുതിയത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ ബട്‌ലര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് ഈ മൈല്‍സ്റ്റോണ്‍ കൈവരിച്ചത്. കൊല്‍ക്കത്ത താരം അംഗ്രിഷ് രഘുവംശിയെ ക്യാച്ചിലൂടെ മടക്കിയയച്ചാണ് ബട്‌ലര്‍ ഈ നേട്ടത്തിലെത്തിയത്. കുട്ടി ക്രിക്കറ്റില്‍ 300 ക്യാച്ചുകള്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ബട്‌ലര്‍.

കോമില്ല വിക്ടോറിയന്‍സ്, ദര്‍ബാന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ഇംഗ്ലണ്ട്, ഇംഗ്ലണ്ട് ലയണ്‍സ്, ഇംഗ്ലണ്ട് ഇലവന്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, മുംബൈ ഇന്ത്യന്‍സ്, പാള്‍ റോയല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സോമര്‍സെറ്റ്, സിഡ്‌നി തണ്ടര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബട്‌ലര്‍ ടി-20യില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങള്‍, ക്യാച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍

കെയ്റോണ്‍ പൊള്ളാര്‍ഡ്-405

ഡേവിഡ് മില്ലര്‍-332

ക്വിന്റണ്‍ ഡി കോക്ക്-316

ജോസ് ബട്‌ലര്‍-300

ഡി.ജെ ബ്രാവോ-275

അതേസമയം ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കെ.കെ.ആര്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തു. പവര്‍പ്ലേ പിന്നിടും മുമ്പേ കൊല്‍ക്കത്തക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൈഫര്‍ട്ട്(19), രഹാനെ(0), രഘുവംശി(8) എന്നിവരെയാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. എന്നാല്‍ റോവ്മന്‍ പവലും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് കൊല്‍ക്കത്തയുടെ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. പവല്‍ 27 റണ്‍സ് നേടി മടങ്ങി. ഗ്രീന്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി ക്രീസില്‍ തുടരുകയാണ്.

സീസണിലെ ആദ്യ ജയം ലക്ഷ്യം വെച്ചാണ് രഹാനെയും സംഘവും ഗുജറാത്തിനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതുകൊണ്ട് മാത്രം ലഭിച്ച ഒരു പോയിന്റ് മാത്രമാണ് കൊല്‍ക്കത്തക്കുള്ളത്. മറുഭാഗത്ത് നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വീതം വിജയവും തോല്‍വിയുമായി നാല് പോയിന്റാണ് ഗുജറാത്തിനുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍) വാഷിംങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തിവാട്ടിയ, റാഷിദ് ഖാന്‍, അശോക് ശര്‍മ്മ, കാഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ടിം സൈഫര്‍ട്ട്, സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, അംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.

Content Highlight: Jos Butler Completed 300 catches in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more