ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡിന് വേണ്ടി കാഴ്ചവെക്കുന്നത്. 2024 സമ്മര്‍ സീസണില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെമെയനില്‍ നിന്നുമാണ് എംബാപ്പെ റയലില്‍ എത്തിയത്. റയലിനായി തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച ഗോള്‍ വേട്ടയാണ് താരം നടത്തിയത്.
നിലവില്‍ റയലിനായി 51 മത്സരങ്ങളില്‍ നിന്നും 35 ഗോളുകളും നാല് അസിസ്റ്റുകളും ആണ് എംബാപ്പെ നേടിയിട്ടുള്ളത്. റയലിനൊപ്പം യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നീ കിരീടങ്ങള്‍ ഫ്രഞ്ച് താരം സ്വന്തമാക്കിയിട്ടുണ്ട്.
ഫുട്‌ബോളില്‍ എംബാപ്പെ ഏത് താരത്തെ പോലെയാണ് കളിക്കുന്നതെന്ന് പറയുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ പരിശീലകനായ ജോര്‍ജ് സംപോളി. എംബാപ്പെ ലയണല്‍ മെസിയേക്കാള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി സാമ്യമുള്ള പ്രകടനമാണ് നടത്തുന്നതെന്നാണ് അര്‍ജന്റൈന്‍ പരിശീലകന്‍ പറഞ്ഞത്. പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംപോളി.
‘നമ്മള്‍ ലാമിന്‍ യമാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വവും മറ്റുള്ള കാര്യങ്ങളും നോക്കുമ്പോള്‍ മെസിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാല്‍ എംബാപ്പെയുടെ കാര്യം കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതാണ്. ഗോളിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന ഒരു താരമായ എംബാപ്പെയെ ക്രിസ്റ്റ്യാനോയുമായിട്ടാണ് ഞാന്‍ താരതമ്യപ്പെടുത്തുക. പാരീസില്‍ കളിക്കുമ്പോള്‍ ഒമ്പതാം നമ്പറില്‍ വിങ്ങറായി നിര്‍ണായകമായ പ്രകടനങ്ങളാണ് അദ്ദേഹം നടത്തിയത്,’ ജോര്‍ജ് സംപോളി പറഞ്ഞു.
അതേസമയം ലാ ലിഗയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സെന്റിയാഗോ ബെമാബൂവില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ റയലിന് വേണ്ടി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ തകര്‍പ്പന്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. 39ാം മിനിട്ടിലും 48ാം മിനിട്ടിലുമാണ് കിലിയന്‍ ഗോള്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും എംബാപ്പെക്ക് സാധിച്ചിരിക്കുകയാണ്.
ഇതോടെ അരങ്ങേറ്റ സീസണില്‍ റയലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ഡ്ര്യിബ്യൂഷന്‍ നല്‍കുന്ന രണ്ടാമത്തെ താരമാകാനും എംബാപ്പെയ്ക്ക് സാധിച്ചു. 33 മത്സരങ്ങളില്‍ നിന്നാണ് റോണോ ഈ നേട്ടത്തിലെത്തിയത്. എട്ട് അസിസ്റ്റും 33 ഗോളും ഉള്‍പ്പെടുന്നതാണ് റോണോയുടെ സംഭാവന. അതേസമയം എംബാപ്പെ 52 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തുന്നത്. 36 ഗോളും അഞ്ച് അസിസ്റ്റുമടങ്ങുന്നതാണ് എംബാപ്പെയുടെ ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍.
Content Highlight: Jorge Sampaoli Talking About Kylian Mbappe