| Monday, 23rd March 2026, 3:04 pm

യു.എസ്- ഇസ്രഈല്‍ ആക്രമണത്തിന് സഹായം നല്‍കി ജോര്‍ദാന്‍ ഇരവാദം മുഴക്കുന്നു; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇറാന്‍

അനിത സി

ന്യൂയോര്‍ക്ക്: യു.എസും ഇസ്രഈലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയടക്കം വിട്ടുനല്‍കി ജോര്‍ദാന്‍ സഹായം നല്‍കുകയാണെന്ന് ഇറാന്‍. ഇറാന്റെ മണ്ണില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ജോര്‍ദാന്‍ വ്യക്തമായ അന്താരാഷ്ട്ര ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്നും ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെഴുതിയ കത്തില്‍ പറഞ്ഞു.

മനപൂര്‍വം ജോര്‍ദാന്‍ തങ്ങളുടെ പ്രദേശം, സംവിധാനങ്ങള്‍, വ്യോമാതിര്‍ത്തി എന്നിവ ആക്രമണകാരികള്‍ക്ക് വിട്ടുനല്‍കി. എന്നിട്ടും ഇറാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും കുറ്റങ്ങള്‍ കെട്ടിച്ചമച്ചും വസ്തുതകള്‍ മറച്ചുവെയ്ക്കുകയാണെന്നും ഇറാന്‍ പ്രതിനിധി ആരോപിച്ചു.

ജോര്‍ദാന്റെ പ്രവര്‍ത്തി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറവാനി വിശദമായി എഴുതിയ കുറിപ്പിലൂടെ വാദിച്ചു. തങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ സഹായങ്ങള്‍ നല്‍കിയ ജോര്‍ദാന്‍ ഇറാന്റെ പ്രതിരോധത്തെ കടന്നുകയറ്റമായി ചിത്രീകരിച്ച് ഇരവാദം മുഴക്കുകയാണെന്നും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു.

അമേരിക്കയും ഇസ്രഈലും ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച സായുധ ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെ ഭീരുത്വപരമായ ലംഘനമാണെന്ന് ഇറവാനി കുറിച്ചു.

ജോര്‍ദാന്‍ യു.എസിനും ഇസ്രഈലിനും നല്‍കിയ സഹായങ്ങള്‍ തെളിവുസഹിതം ഇറാന്‍ ചൂണ്ടിക്കാണിച്ചു. ജോര്‍ദാനിലെ അല്‍-അസ്‌റാഖ് വ്യോമതാവളത്തില്‍ യു.എസ് നിര്‍മിത എഫ്-16, എഫ്-15, എഫ്-35 ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍, ജോര്‍ദാന്‍ പ്രദേശത്തിന് മുകളിലൂടെ ആകാശത്ത് ഇന്ധനം നിറച്ച ശേഷം തെക്കന്‍ ഇറാനിയന്‍ പ്രവിശ്യകള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഉപയോഗിച്ചുവെന്ന് ഇറവാനി വിശദീകരിച്ചു.

ഇസ്രാഈലിലെ ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന യു.എസ് വിമാനങ്ങളായ കെസി-135, കെസി-46 എന്നിവ ജോര്‍ദാന്റെ വ്യോമാതിര്‍ത്തി വഴി നിരവധി തവണ കടന്നുപോയെന്നും കത്തില്‍ പറയുന്നു. തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നതിന് സഹായം നല്‍കുകയാണ് ജോര്‍ദാനെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്‍ ആക്രിമിച്ചുവെന്നും നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ജോര്‍ദാന്റെ മാര്‍ച്ച് 19ലെ ആവശ്യത്തെ തള്ളിക്കൊണ്ടാണ് ഇറാന്‍ കത്ത് പുറത്തുവിട്ടിരിക്കുന്നത്. ഇറാന്റെത് ആന്താരാഷ്ട്ര നിയമപ്രകാരം അനുവദനീയമായ സ്വയം പ്രതിരോധമാണെന്നും ജോര്‍ദാന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുറത്താണെന്നും ഇറാവാനി കുറിച്ചു.

ഇറാനിലുണ്ടായ വ്യാപകമായ മനുഷ്യ, ഭൗതിക, അടിസ്ഥാന സൗകര്യ നഷ്ടങ്ങള്‍ക്ക് ജോര്‍ദാനാണ് ഉത്തരവാദിയെന്നും ഇറാന്‍ വാദിച്ചു. ഇറാന്റെ അധികാരികള്‍ എല്ലാ നാശനഷ്ടങ്ങളുടെയും സമഗ്രമായ വിലയിരുത്തലുകള്‍ നടത്തിവരികയാണ്. നീതിയുക്തമായ രീതിയില്‍ പരിഹാരം തേടാനുള്ള അവകാശം ഇറാനുണ്ടെന്നും കത്തില്‍ പറഞ്ഞു.

ഇറാനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നല്‍കുന്ന എല്ലാ തരത്തിലുള്ള പിന്തുണയും ഉടന്‍ നിര്‍ത്തണമെന്നും ഇറാനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് തടയണമെന്നും അംബാസഡര്‍ ഇറാവാനി ജോര്‍ദാനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിനോട് ആദ്ദേഹം ആവശ്യപ്പെട്ടു.

വസ്തുതകള്‍ വളച്ചൊടിക്കാനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് സംഘര്‍ഷം വഷളാക്കാനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്താനും സാധ്യതയുണ്ടെന്നും ഇറാന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ തങ്ങളുടെ പ്രദേശങ്ങള്‍ യു.എസിന് വിട്ടുനല്‍കിയെന്ന വാദം ജോര്‍ദാന്‍ നിഷേധിച്ചു. നേരത്തെ ജോര്‍ദാനിലെ മുവാഫഖ് സാല്‍തി വ്യോമതാവളത്തില്‍ സ്ഥാപിച്ച യു.എസിന്റെ 300 മില്യണ്‍ മൂല്യം വരുന്ന THAAD മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ റഡാര്‍ സിസ്റ്റം ഇറാന്‍ ആക്രമിച്ച് തകര്‍ത്തുവെന്ന് യു.എസ് പറഞ്ഞിരുന്നു.

Content Highlight:  Jordan aiding US and Israel in attacks; Iran demands responsibility

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more