ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്സ്. രോഹിത് സൂപ്പര്‍ സ്റ്റാര്‍ ടാലന്റുമായി ജനിച്ചയാളല്ലെന്നും സമീപനത്തിലെ സ്ഥിരതയാണ് താരത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
രോഹിത്തിന്റെ ലീഡര്‍ഷിപ്പ് ശൈലിയും അതുപോലെ തന്നെയാണെന്നും എന്നും താരം തന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഖാര്‍ ഗുപ്തയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ജോണ്ടി റോഡ്‌സ്.
ജോണ്ടി റോഡ്സ്. Photo: Jonty Rhodes/x.com
‘രോഹിത് ശര്‍മ പരിശീലിക്കുന്നത് കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കഠിനമായ വര്‍ക്കൗട്ട് സെഷനുകള്‍ക്ക് പകരം, പിച്ചിലൂടെ നടന്ന് അനുഭവിച്ചറിയാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. സൂപ്പര്‍ സ്റ്റാര്‍ ടാലന്റുമായി ജനിച്ചയാളല്ല അവന്‍. മറിച്ച് സമീപനത്തിലെ സ്ഥിരതയാണ് അവന്റെ കരുത്ത്. തുടക്കം മുതലേ ഇങ്ങനെയായിരുന്നു.
രോഹിത്തിന്റെ ലീഡര്‍ഷിപ്പ് ശൈലിയും അതുപോലെ തന്നെ. അവന്‍ ശരിക്കും പറഞ്ഞാല്‍ വളരെ തമാശക്കാരനാണ്. സ്റ്റംപ് മൈക്കിലൂടെ രസകരമായ കമന്റുകള്‍ പറയാറുള്ള അവന്‍ സഹതാരങ്ങളെ ഇടയ്ക്കിടെ കളിയാക്കാറുമുണ്ട്.
രോഹിത് തന്റെ വ്യക്തിത്വവും എപ്പോഴും നിലനിര്‍ത്തുന്നു. നിങ്ങള്‍ എം.എസ്. ധോണിയോ വിരാട് കോഹ്ലിയോ ആകേണ്ടതില്ല, നിങ്ങളായിത്തന്നെ ഇരുന്നാല്‍ മതി. ഈ മൂന്നുപേരും വ്യത്യസ്തരാണ്, എങ്കിലും തങ്ങളുടെ സമീപനത്തിലെ സ്ഥിരത കൊണ്ടാണ് അവര്‍ വിജയികളായത്,’ ജോണ്ടി റോഡ്സ് പറഞ്ഞു.
ഐ.പി.എല്ലില്‍ രോഹിത്തും ജോണ്ടി റോഡ്‌സും മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2009 മുതല്‍ 2017 വരെ ജോണ്ടി റോഡ്സ് മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് കോച്ചായിരുന്നു. ഈ കാലഘട്ടത്തില്‍ രോഹിത് മുംബൈയെ മൂന്ന് തവണ ഐ.പി.എല്‍ ചാമ്പ്യന്മാരാക്കിയിരുന്നു.
അതേസമയം, നിലവില്‍ രോഹിത് അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ്. ഒന്നാം ഏകദിനത്തില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വെറും 16 റണ്‍സ് മാത്രമാണ് താരം നേടിയത്.
Content Highlight: Jonty Rhodes says Rohit Sharma is not born with Superstar talent