| Wednesday, 6th August 2025, 5:32 pm

ആ കഥാപാത്രം മിക്ക ആണ്‍പിള്ളേര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു: ജോമോന്‍ ജ്യോതിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് ജോമോന്‍. സിനിമയില്‍ ഡി.ജെ ബാബുവായി വന്നാണ് ജാമോന്‍ ജ്യോതിര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രം റീല്‍സിലൂടെയും ജോമോന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പിന്നീട് വന്ന ഫാലിമി, ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യസനസമേതം ബന്ധുമിത്രാദികളാണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജോമോന്‍.

‘ഞാന്‍ ചെയ്ത ഇന്‍സ്റ്റഗ്രാം കണ്ടന്റുകള്‍ കണ്ടിട്ടാണ് രോമാഞ്ചത്തിലേക്ക് ജിത്തു മാധവന്‍ വിളിക്കുന്നത്. കുറച്ച് സീനിലേ ഉള്ളൂ എങ്കിലും അതിലെ ഡി.ജെ. ബാബുവിനെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി. രോമാഞ്ചത്തിനുശേഷം ആത്മവിശ്വാസം കൂടി. യുട്യൂബ് ചാനലില്‍ വീഡിയോ ചെയ്യുന്ന സമയംമുതലേ സംവിധായകന്‍ വിപിന്‍ ദാസിനെ അറിയാം. വീഡിയോ വിപിന്‍ ചേട്ടന്‍ കാണാറുമുണ്ട്,’ ജോമോന്‍ പറഞ്ഞു.

വിപിന്‍ ദാസിനോട് പേര്‍സണലി ചാന്‍സ് ചോദിക്കാറുണ്ടായിരുന്നുവെന്നും
രോമാഞ്ചത്തിനുശേഷവും ചോദിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് ഗുരുവായൂരമ്പലനടയിലെ ഡോക്ടര്‍ ജോര്‍ജും പക്ഷിരാജനും സംഭവിക്കുന്നതെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

‘പക്ഷിരാജന്റെ അമ്പലനടയിലെ ജെംസ് കച്ചവടം ഡയലോഗിന് തിയേറ്ററില്‍ ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല. സ്‌ക്രിപ്റ്റില്‍ ഉള്ളതല്ല, ഡബ്ബിങ് മൈക്കിനുമുന്നില്‍ വെച്ച് ആ ഒരു ഒഴുക്കില്‍ പറഞ്ഞ സംഭാഷണമാണിത്. അത് കുട്ടികളടക്കം ഏറ്റെടുത്തു. വൈകാതെ വാഴയും എത്തി. അതിലെ മൂസ എന്ന കഥാപാത്രം മിക്ക ആണ്‍പിള്ളേര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു. മൂസയും പക്ഷിരാജനും ക്ലിക് ആയതോടെയാണ് സിനിമ തന്നെ വഴി എന്ന് ഉറപ്പിക്കുന്നത്. കൂടുതല്‍ സംവിധായകരും മറ്റും നമ്മളെ ഫോളോ ചെയ്യാന്‍ തുടങ്ങിയതും അതിനുശേഷമാണ്,’ജോമോന്‍ പറഞ്ഞു.

Content Highlight: Jomon  jyothir talking about his entry into cinema

We use cookies to give you the best possible experience. Learn more