| Friday, 10th April 2026, 5:51 pm

പഴയ ഷാജി കൈലാസ് പടങ്ങളില്‍ ലാലേട്ടനെ കാണിക്കുന്നതുപോലെ, വെറും പത്ത് സെക്കന്‍ഡ് കൊണ്ട് വാഴ 2ല്‍ കൈയടി നേടി ജോമോന്‍ ജ്യോതിര്‍

അമര്‍നാഥ് എം.

കണ്ടന്റാണ് മലാളത്തില്‍ ഏറ്റവും വലിയ സ്റ്റാറെന്ന് തെളിയിക്കുന്ന വിജയമാണ് വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ 100 കോടി എന്ന മാന്ത്രിക സംഖ്യ സ്വന്തമാക്കിയ ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ആദ്യഭാഗത്തിന്റെ അതേ ട്രീറ്റ്‌മെന്റില്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കഥ മുന്നേറുന്നത്.

വാഴയില്‍ വെറും മൂന്നോ നാലോ സീനില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങുമാണ് രണ്ടാം ഭാഗത്തിലെ പ്രധാന താരങ്ങള്‍. വാഴയിലേത് പോലെ ബാല്യം മുതല്‍ യൗവ്വനം വരെയുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് രണ്ടാം ഭാഗത്തിന്റെയും കഥ. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ആദ്യഭാഗവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും വാഴയിലെ ചില റഫറന്‍സുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. അതില്‍ ഏറ്റവും കൈയടി നേടിയ സീനുകളില്‍ ഒന്നാണ് ടെയില്‍ എന്‍ഡിലെ ഫൈറ്റ് സീന്‍. ആദ്യഭാഗത്തിലെ പ്രധാന താരങ്ങളായ സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍, അന്‍ഷിദ് അനു, അനുരാജ് എന്നിവരുടെ കാമിയോ തിയേറ്ററുകളെ പൂരപ്പറമ്പാക്കി.

സോഷ്യല്‍ മീഡിയയില്‍ പലരും ഈ സീനില്‍ എടുത്തുപറയുന്നത് ജോമോന്‍ ജ്യോതിറിനെ പ്രസന്റ് ചെയ്ത രീതിയാണ്. കണ്ണിന്റെ മാത്രം ക്ലോസപ്പ് ഷോട്ടിലൂടെയായിരുന്നു ജോമോനെ ആദ്യമായി കാണിക്കുന്നത്. ഹാഷിറിനെ തല്ലാന്‍ വരുന്നവരെ ചാടിച്ചവിട്ടിക്കൊണ്ടുള്ള ജോമോന്റ എന്‍ട്രിക്ക് ഗംഭീര കൈയടിയായിരുന്നു. ഇതുവരെ വെറും കോമഡി താരമായി മാത്രം മുഖം കാണിച്ച ജോമോന് ഒരു ആക്ഷന്‍ ഹീറോ എന്ന രീതിയിലായിരുന്നു ഈ എന്‍ട്രി നല്‍കിയത്.

മോഹന്‍ലാല്‍- ഷാജി കൈലാസ് ആക്ഷന്‍ സിനിമകളില്‍ നായകന് നല്‍കുന്ന മാസ് ബില്‍ഡപ്പ് പോലെയുണ്ട് ജോമോന്റെ ഈ ഇന്‍ട്രോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള ഈ ഷോട്ടില്‍ ജോമോന് അപാര ഓറയാണെന്നും പലരും കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ജോമോനെ കോമഡി റോളില്‍ മാത്രം തളച്ചിടാതെ ഇത്തരം ആക്ഷന്‍ റോളുകള്‍ നല്‍കണമെന്നും കമന്റുകളുണ്ട്.

കലൈ കിങ്‌സണിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും അഖില്‍ ലൈലാസുരന്റെ ഛായാഗ്രഹണവും ഈ സീനിനെ കൂടുതല്‍ മികച്ചതാക്കി. ഈ ഫൈറ്റ് സീനില്‍ ജോമോന്റെ ആക്ഷന് പുറമെ അമീനിന്റെ ഗ്യാങ്ങിലെ നിബ്രാസിന്റെ ആക്ഷനെയും ചിലര്‍ അഭിനന്ദിക്കുന്നുണ്ട്. ടെയ്ല്‍ എന്‍ഡില്‍ ഇത്തരമൊരു ഫൈറ്റ് സീന്‍ വെച്ചത് നന്നായെന്നും ഇല്ലെങ്കില്‍ ട്രോമയോടെ തിയേറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വന്നേനെയെന്നും പോസ്റ്റുകളുണ്ട്.

Content Highlight: Jomon Jyothir’s performance in Vaazha 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more