കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച വീഡിയോകളിലൊന്നായിരുന്നു ജലസിംഹം. ആടലോടകം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോ വളരെ വേഗത്തില്‍ വൈറലായി. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിന്റെ സ്പൂഫ് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
മോഹന്‍ലാലിന്റെ ഡ്യൂപ്പായി വേഷമിട്ട നടനെ പലരും നോട്ടമിട്ടു. അനായാസമായുള്ള പെര്‍ഫോമന്‍സും ഡയലോഗ് ഡെലിവറിയുമാണ് ജോമോന്റെ ഹൈലൈറ്റ്. യൂട്യൂബ് വീഡിയോയില്‍ നിന്ന് വളരെ വേഗത്തില്‍ ജോമോന് സിനിമയിലേക്കുള്ള വിളി വന്നു. ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയ രോമാഞ്ചത്തില്‍ ജോമോന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഒന്നിനൊന്ന് മികച്ച വേഷങ്ങളിലൂടെ ജോമോന്‍ ഇന്‍ഡസ്ട്രിയില്‍ തന്റെ സാന്നിധ്യമറിയിച്ചു.
ജോമോന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സന്തോഷ് ട്രോഫി. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രത്തിലേക്കാണ് ജോമോന്‍ എത്തിയിരിക്കുന്നത്. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറുകയായിരുന്നു.
മാസ് മൂഡിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പൃഥ്വിരാജിന് പകരം ജോമോന്‍ ജ്യോതിര്‍ എത്തിയ വാര്‍ത്ത സിനിമാലോകത്ത് ചര്‍ച്ചയായി മാറി. വാഴ 2ന്റെ ക്ലൈമാക്‌സിലൂടെ മാസ് റോളും തനിക്ക് ചെയ്യാനാകുമെന്ന് ജോമോന്‍ തെളിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി നായകനാകുന്ന ചിത്രത്തിലും താരം ഞെട്ടിക്കുമെന്നാണ് പ്രതീക്ഷ.
60ലധികം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിപിന്‍ ദാസിന്റെ സ്ഥിരം ശൈലിയിലുള്ള കോമഡി ചിത്രമാണ് സന്തോഷ് ട്രോഫിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിന്റെ ഡ്യൂപ്പായി ശ്രദ്ധ നേടുകയും ഇപ്പോള്‍ മോഹന്‍ലാലിനെപ്പോലെ മാസ് പോസ്റ്ററും ലഭിച്ചതോടെ ജോമോന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കഴിവും പരിശ്രമവും കൊണ്ട് സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ ജോമോന്‍ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Jomon Jyothir’s first look poster of Santhosh Trophy discussing in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ