| Tuesday, 5th August 2025, 3:15 pm

അന്ന് അമ്പിളിച്ചേട്ടന്‍ എന്നോടുള്ള പരിചയം വെച്ച് കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിച്ചു: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.

ഇപ്പോള്‍ സി.ഐ.ഡി മൂസ സിനിമ സംവിധാനം ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. പതിനൊന്ന് വര്‍ഷത്തെ സിനിമാ പരിചയം വെച്ചാണ് താന്‍ സംവിധാന രംഗത്തേക്ക് ഇറങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്.

സി.ഐ.ഡി മൂസ അന്നത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നുവെന്നും സിനിമ തുടങ്ങുന്നതിന്റെ ഭാഗമായി ലാല്‍ ജോസിനോടും റാഫി-മെക്കാര്‍ട്ടിനോടുമൊക്കെ കഥ പറഞ്ഞിരുന്നുവെന്നും ജോണി പറഞ്ഞു.

‘അവര്‍ അന്ന് ചോദിച്ചത് ‘ജോണി ഇത്ര വലിയൊരു പ്രോജക്ട് തന്നെ ആദ്യം ചെയ്യാന്‍ എങ്ങനെ ധൈര്യം വരുന്നു?’ എന്നായിരുന്നു. അന്ന് ഞാന്‍ പറഞ്ഞ മറുപടി വളരെ സിമ്പിളായിരുന്നു.

‘ഇന്ന് ഞാന്‍ ഭയപ്പെട്ട് മാറി നിന്നാല്‍ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും വിജയിക്കില്ല, എനിക്ക് ഈ സിനിമയോട് ആഗ്രഹവും ആവേശവുമുണ്ട്. ഏറ്റവും നല്ല പ്രായമാണ്. കഴിവിന്റെ പരമാവധി ശ്രമിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു എന്റെ മറുപടി,’ ജോണി ആന്റണി പറയുന്നു.

സിനിമയുടെ കഥ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കാസ്റ്റിങ്ങും തീരുമാനിച്ചിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. അന്നത്തെ മലയാളസിനിമയിലെ ചിരി രാജാക്കന്മാരെല്ലാം ഒന്നിപ്പിച്ചുവെന്നും ദിലീപ് നിര്‍മിക്കുന്ന ആദ്യ സിനിമയെന്നത് എല്ലാവര്‍ക്കും ആവേശമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അമ്പിളിച്ചേട്ടന്‍ അന്ന് എന്നോടുള്ള പരിചയം വെച്ച് കുറഞ്ഞ പ്രതിഫലത്തിലാണ് അഭിനയിച്ചത്. അതുപോലെ ഹനീഫിക്ക, ഹരിശ്രീ അശോകന്‍ ചേട്ടന്‍, സലീംകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, സുകുമാരിച്ചേച്ചി, ക്യാപ്റ്റന്‍ രാജു, ഭാവന തുടങ്ങി എല്ലാവരും അവരുടെ പരമാവധി നന്നാക്കി തന്നെ ചെയ്തു,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony Talks About Jagathy Sreekumar And CID Moosa Movie

We use cookies to give you the best possible experience. Learn more