സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
തന്റെ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജോണി ആന്റണിയുടെ തന്നെ സംവിധാനത്തില്‍ എത്തിയ സിനിമകളാണ് സൈക്കിള്‍, മാസ്റ്റേഴ്‌സ് എന്നിവ. അദ്ദേഹത്തിന്റെ മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇവ.
സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും മാസ്റ്റേഴ്‌സ്, സൈക്കിള്‍ എന്നിവ കാലം തെറ്റിവന്ന സിനിമകളാണെന്നും പറയുകയാണ് ജോണി ആന്റണി. തമാശപ്പടത്തിന്റെ സംവിധായകന്‍ എന്ന ലേബല്‍ വീണതുകൊണ്ട് തന്നെപ്പോലെയുള്ളവരെ അംഗീകരിക്കാന്‍ വലിയ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.
‘മുമ്പ് മലയാളത്തിലെ അറിയപ്പെടുന്നൊരു തിരക്കഥാകൃത്ത് ‘മലയാളത്തിലെ ആദ്യത്തെ ന്യൂജെനറേഷന്‍ സിനിമ സൈക്കിളാണ്’ എന്ന് പറഞ്ഞിരുന്നു. ഒരുപക്ഷേ, അതിന്റെ സംവിധായകന്‍ തമാശപ്പടങ്ങള്‍ ചെയ്ത ആളായതുകൊണ്ടാവും അതിനെ ന്യൂജെനറേഷനെന്ന് വിലയിരുത്താതിരുന്നത്,’ ജോണി ആന്റണി പറഞ്ഞു.
ദിവസവും ഒരു സിനിമ കാണുന്ന പതിവ് ഇപ്പോഴുമുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നു. സിനിമ കാണുന്നത് പണ്ടത്തെ പോലെ ഇന്നും ഇഷ്ടമായതുകൊണ്ട് ആ പതിവിന് മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ജോണി പറയുന്നത്. മാധ്യമം ആഴ്ചപതിപ്പില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘കോമഡി മാത്രമല്ല, എല്ലാ വിഭാഗം സിനിമകളും കാണുന്നതില്‍ ഉള്‍പ്പെടും. ഫീല്‍ഗുഡ്, ഫാമിലി സിനിമകള്‍ കാണാനാണ് ഏറെ താത്പര്യം. കുടുംബ കഥകള്‍ ഇഷ്ടമാണ്. അതുകൊണ്ട് അത്തരം സിനിമകള്‍ കാണാന്‍ ഏറെ ആഗ്രഹിക്കും. തമിഴില്‍ അടുത്തിടെ ഇറങ്ങിയ ടൂറിസ്റ്റ് ഫാമിലി ഏറെ ഇഷ്ടം തോന്നിയ സിനിമയാണ്, ‘ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johny Antony Talks About Cycle And Masters Movie