| Thursday, 15th August 2019, 10:03 pm

'എന്റെ ആദ്യ സിനിമ തിയേറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടി അമ്പിളിയെ ആദ്യ ദിവസങ്ങളില്‍ കണ്ടു'; അമ്പിളിയുടെ രണ്ടാം ടീസറുമായി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: അമ്പിളി വിജയമാക്കിത്തീര്‍ത്തതിന് പ്രേക്ഷകര്‍ക്കു നന്ദി പറഞ്ഞ് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്. സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്യവെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പറഞ്ഞത്.

മഴക്കെടുതി മൂലം സിനിമയുടെ പ്രമോഷനും പ്രചരണവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തന്റെ ആദ്യ സിനിമയായ ഗപ്പി തിയേറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യ ദിവസങ്ങളില്‍തിയേറ്ററുകളിലെത്തി കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് ഒമ്പതിനാണ് അമ്പിളി റിലീസ് ചെയ്തത്. സൗബിന്‍ ഷാഹിര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയുടെ തിരക്കഥയും ജോണ്‍പോള്‍ തന്നെയാണ്. 2016-ല്‍ ടൊവിനോയെ മുഖ്യ കഥാപാത്രമാക്കി ചെയ്ത ഗപ്പിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ.

സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

ജോണ്‍പോള്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഓഗസ്റ്റ് 9-ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്.

കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.’

Latest Stories

We use cookies to give you the best possible experience. Learn more