| Friday, 29th August 2025, 7:00 pm

ഭാവരസങ്ങളാല്‍ ആളുകളെ ചിരിപ്പിച്ച അഭിനയപ്രതിഭ; ഇന്നും ആ കോമഡി രംഗങ്ങള്‍ വൈറലാകാന്‍ കാരണമുണ്ട്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.

സിനിമ കണ്ട് മനപ്പൂര്‍വം ചിരിക്കാതിരിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ജോണി ആന്റണി. മാധ്യമം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ഐ.ഡി മൂസയെടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ആളുകള്‍ ചിരിക്കണം, മുഴുനീളെ ആസ്വദിച്ച് തിയറ്ററിലിരിക്കണം എന്നത് മാത്രമാണ്. ആ തലത്തില്‍ സിനിമ വിജയിക്കുകയും ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുകയും ചെയ്യുന്നത് അതിലെ ഹ്യൂമര്‍ വര്‍ക്കായി എന്നതുകൊണ്ടാണ്. ചില ആളുകള്‍ പെട്ടെന്ന് ചിരിക്കും, ചിലര്‍ എത്ര തമാശ കേട്ടാലും ചിരിക്കില്ല, ചിലര്‍ക്ക് ചില മുഖചലനങ്ങള്‍ മതി, അവര്‍ മതിമറന്ന് ചിരിക്കും,’ ജോണി ആന്റണി പറയുന്നു.

അങ്ങനെ മുഖത്ത് ഭാവരസങ്ങള്‍ കൊണ്ടുവന്ന് ആളുകളെ കുടുകുടാ ചിരിപ്പിച്ച അഭിനയപ്രതിഭയാണ് ജഗതി ശ്രീകുമാറെന്നും അദ്ദേഹമുണ്ടാക്കുന്ന രസങ്ങള്‍ക്ക് ജീവനും പുതുമയും കരുത്തുമുണ്ടെന്നും ജോണി ആന്റണി പറയുന്നു. ആ കരുത്താണ് അദ്ദേഹത്തിന്റെ കോമഡി രംഗങ്ങളെ സമൂഹമാധ്യമങ്ങളില്‍ ഇന്നും വൈറലാക്കുന്നതെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും പറയുന്നതാണല്ലോ, കൊമേഡിയന് കരയാന്‍ അവകാശമില്ലെന്നും ചിരിപ്പിക്കലാണ് അയാളുടെ ജോലിയും ലക്ഷ്യവുമെന്നും. ഇങ്ങനെ ദാരിദ്ര്യം മറച്ചുപിടിച്ച്, നിലനില്‍പ്പിനുവേണ്ടി ക്യാമറക്ക് മുന്നില്‍ ആടി ത്തകര്‍ത്ത തമാശകള്‍ക്ക് ആജീവനാന്ത ഗാരന്റിയാണ്. അവ ആയുസിനെയും ജന്മങ്ങളെയും മറികടന്ന് മുന്നേറുക തന്നെ ചെയ്യും. മനപ്പൂര്‍വം ചിരിക്കാതിരിക്കാന്‍ ശ്രമിക്കാം, എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ഒരാള്‍ക്ക് നിങ്ങളെ ചിരിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് ചിരിച്ചുകൊണ്ട് തീര്‍ത്തേ മതിയാകൂ,’ ജോണി ആന്റണി പറയുന്നു.

Content highlight: Johnny Antony talks about jokes in the movie and Jagathy Sreekumar

We use cookies to give you the best possible experience. Learn more