| Thursday, 4th September 2025, 9:56 pm

ശശികുമാര്‍ സാര്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്; വാക്കുകള്‍ക്കപ്പുറത്തുള്ള കടപ്പാടും സ്നേഹവുമുണ്ട് അവരോട്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായി കരിയര്‍ തുടങ്ങി ഇന്ന് നടന്‍ എന്ന നിലയിലും ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനാണ് ജോണി ആന്റണി. മലയാളത്തിന് പുറമെ ജോണി ആന്റണിക്ക് തമിഴില്‍നിന്നും അഭിനയിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ഇതിനെ കുറിച്ച് ജോണി ആന്റണി സംസാരിക്കുന്നു.

‘തമിഴ് സിനിമയില്‍നിന്ന് നിരവധി ഓഫറുകള്‍ വരുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തിനിടെ നാലഞ്ച് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം വന്നു. എന്നാല്‍, ഡേറ്റ് പ്രശ്നം കാരണം നടന്നില്ല. പിന്നീട് അവരുടെ ഡേറ്റിനനുസരിച്ച് അങ്ങോട്ട് ചെല്ലാന്‍ കഴിയാത്ത അവസ്ഥയും വന്നു. എന്നാല്‍, ഉടന്‍തന്നെ ഒരു തമിഴ് പടത്തില്‍ അഭിനയിക്കാനിടയുണ്ട്. സംവിധായകന്‍ ശശികുമാര്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. ആ പ്രോജക്ട് ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെയെങ്കിലും യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ,’ ജോണി ആന്റണി പറഞ്ഞു.

ഒരുപാട് പ്രഗല്ഭരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരു സിനിമ നന്നാകുന്നത് അതിന്റെ സംവിധായകന്റെ മാത്രം മിടുക്കിനാല്‍ മാത്രമല്ലെന്നും ജോണി ആന്റണി പറയുന്നു.

‘ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച പലരുടെയും കഠിനാധ്വാനവും വിയര്‍പ്പും ആ ചിത്രത്തിന്റെ നല്ല ഭാവിക്ക് മുതല്‍ക്കൂട്ടായി നില്‍ക്കുന്ന ഘടകങ്ങളാണ്. ജീവിതത്തില്‍ എന്നും ഞാനോര്‍ക്കുന്ന വ്യക്തികളിലൊരാളാണ് എന്റെ ആഗ്രഹം മനസിലാക്കി എന്നെ സിനിമയിലെത്തിച്ച ജോക്കുട്ടന്‍.

അതുപോലെ ആദ്യമായി ചെന്നൈയിലെത്തിയപ്പോള്‍ സിനിമയില്‍ അവസരം തന്ന കെ.ജി. രാജശേഖരന്‍ സാര്‍ തുടര്‍ന്ന് കൂടുതല്‍ സിനിമകളില്‍ ജോലിചെയ്യാന്‍ അവസരമൊരുക്കി തന്ന സംവിധായകന്‍ തുളസിദാസ് സാര്‍, ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ അസിസ്റ്റ് ചെയ്യുകയും അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്ത സിനിമകളില്‍ എനിക്കൊപ്പമുണ്ടാവുകയും ചെയ്ത സാലു ജോര്‍ജിനോടും എനിക്ക് വാക്കുകള്‍ക്കപ്പുറത്തുള്ള കടപ്പാടും സ്‌നേഹവുമുണ്ട്,’ ജോണി ആന്റണി പറയുന്നു.

Content Highlight: johnny Antony talks about getting an opportunity from Tamil

We use cookies to give you the best possible experience. Learn more