| Monday, 25th August 2025, 8:00 pm

ആ നടന്മാരുടെ കോമഡി വല്ലാതെ ആകര്‍ഷിച്ചിരുന്നു; എന്റെ സിനിമ ജീവിതത്തില്‍ മുതല്‍ക്കൂട്ടായത് അത്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇന്ന് കോമഡിക്ക് ക്ഷാമമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി.

‘തമാശ കടലാസില്‍ എഴുതിപ്പിടിപ്പിക്കുന്നതുപോലെ അത്ര എളുപ്പമല്ല, അത് അഭിനയത്തിലേക്ക് കൊണ്ടുവരാനും നടീ നടന്മാരെ കൊണ്ട് അഭിനയിപ്പിച്ച് ഫലിപ്പിക്കാനും. പിന്നീട് തിയേറ്ററില്‍ നിന്ന് പ്രേക്ഷകന്റെ കൈയടി നേടാനും നല്ല മിടുക്കുതന്നെ വേണം,’ജോണി ആന്റണി പറയുന്നു.

സംവിധായകന്‍ ഉദ്ദേശിച്ചതെന്തോ അത് കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോമഡി ദുരന്തമാകുമെന്നും കൈയടിക്ക് പകരം കൂക്കിവിളിയാകും സദസ് തിരിച്ചു നല്‍കുകയെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട്  കോമഡി ചെയ്യുമ്പോള്‍ കൃത്യമായൊരു പഠനം അനിവാര്യമാണെന്നും പ്രേക്ഷകന്റെ അഭിരുചി മനസിലാക്കി നിലവിലെ സാമൂഹിക പരിസ്ഥിതി എന്താണെന്ന് ബോധ്യപ്പെട്ട് മാത്രമേ കോമഡി ചെയ്യാന്‍ പാടുള്ളൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ക്കേ കോമഡിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും ജോണി ആന്റണി സംസാരിച്ചു. മാധ്യമം വാരികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുട്ടിക്കാലത്ത് കണ്ടതും ഇഷ്ടപ്പെട്ടതും കൂടുതലും ഹാസ്യ കഥാപാത്രങ്ങളെയായിരുന്നു. അതില്‍തന്നെ അന്ന് തിളങ്ങിനിന്ന അടൂര്‍ ഭാസി, ബഹദൂര്‍, ശങ്കരാടി, എസ്.പി. പിള്ള, പിന്നീട് ജഗതി ശ്രീകുമാര്‍, മാള അരവിന്ദന്‍, കുതിരവട്ടം പപ്പു തുടങ്ങിയവരുടെയും കോമഡി സിനിമകള്‍ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.’90കളുടെ തുടക്കത്തില്‍തന്നെ കോമഡി സിനിമകള്‍ മലയാളത്തില്‍ സജീവമായി വരികയും പ്രേക്ഷകശ്രദ്ധ ലഭിക്കുകയും ചെയ്തതോടെ തമാശ സിനിമകള്‍ ചെയ്യാന്‍ സംവിധായകര്‍ തയ്യാറായി.

കൂടുതല്‍ കോമഡി സിനിമകള്‍ പുറത്തിറങ്ങുകയും ചെയ്തു. തമാശ നായകന്മാരും നടിമാരും വരികയും എത്ര സീരിയസ് സബ്ജക്ട് ആയാലും ഒരു കോമഡി രംഗമെങ്കിലും ആ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പിന്നണി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യവുമുണ്ടായി.

അതൊരുപക്ഷേ എന്റെ സിനിമ ജീവിതത്തിനും മുതല്‍ക്കൂട്ടായിട്ടുണ്ട്. കാലങ്ങള്‍ കഴിഞ്ഞ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് വന്നതും സി.ഐ.ഡി മുസയടക്കം ചെയ്തതും നല്ല തമാശ ഇഷ്ടപ്പെടുന്നവര്‍ എന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കൂടിയാണ്,’ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

Content Highlight:  Johnny Antony is responding to the question of whether there is a shortage of comedy in Malayalam cinema today

We use cookies to give you the best possible experience. Learn more