സംവിധായകനായി കരിയര്‍ തുടങ്ങി ഇപ്പോള്‍ അഭിനേതാവ് എന്ന നിലയിലും ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനാണ് ജോണി ആന്റണി. ജോ ആന്‍ഡ് ജോ, പാല്‍ത്തൂ ജാന്‍വര്‍ എന്നീ സിനിമകളില്‍ അച്ഛന്‍ വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി.
ഗൗരവ സ്വഭാവമുള്ള സിനിമകള്‍ ചെയ്യണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ജോണി ആന്റണി.
‘എനിക്ക് കുറച്ച് നല്ല സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ സംതൃപ്തനുമാണ്. വരനെ ആവശ്യമുണ്ട്, ഡ്രാമ, ജോ ആന്‍ഡ് ജോ, പാല്‍ത്തു ജാന്‍വര്‍, ഹൃദയം, ഹോം, അനുരാഗം, സബാഷ് ചന്ദ്രബോസ്, യുനൈറ്റഡ് കിങ്ഡം ഓഫ് കേരള (യു.കെ.ഒ.കെ) അങ്ങനെ കുറേ പടങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു. ഏകദേശം 200ന് മുകളില്‍ സിനിമകളില്‍ ഇതുവരെ ഞാനഭിനയിച്ചുതീര്‍ത്തു,’ ജോണി ആന്റണി പറയുന്നു.
സംവിധാനം ചെയ്ത സിനിമകളേക്കാള്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായിതന്നെ കാണുന്നുവെന്നും അഭിനയത്തില്‍ മികച്ച ബ്രേക്ക് തന്ന സംവിധായകനാണ് രഞ്ജിത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി അദ്ദേഹം സംവിധാനം ചെയ്ത ഡ്രാമ എന്ന സിനിമയില്‍ മികച്ച വേഷമാണ് തനിക്കായി അദ്ദേഹം മാറ്റിവെച്ചതെന്നും ജോണി ആന്റണി പറയുന്നു. സംവിധായകന്‍ സുഗീതിന്റെ ശിക്കാരി ശംഭുവിലെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിത്തന്നതാണെന്നും അദ്ദേഹം പറയുന്നു.
‘അഭിനയരംഗത്തേക്ക് വന്ന ശേഷമാണ് പലര്‍ക്കും സി.ഐ.ഡി മൂസയുടെ സംവിധായകന്‍ ഞാനാണെന്ന് തന്നെ മനസിലായത്. അഭിനേതാവിന് ലഭിക്കുന്ന സ്വീകാര്യത സംവിധായകന് പലപ്പോഴും ലഭിക്കാത്തതിന്റെ കൂടി ഉദാഹരണമായി ഇതിനെ കാണുന്നു. സംവിധാന ജോലിയേക്കാള്‍ എളുപ്പമാണ് അഭിനയമെന്ന് പറയാമെങ്കിലും രണ്ടിനും അതിന്റേതായ പ്രയാസമുണ്ട്.
അതോടൊപ്പം തന്നെ രണ്ടും ഒരുമിച്ച് കൊണ്ടുപോകല്‍ പ്രായോഗികമായി ബുദ്ധിമുട്ടേറിയതുമാണ്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മിക്ക സിനിമകളുടെയും അണിയറയിലുള്ളത് സി.ഐ.ഡി മൂസ ഫാന്‍സായ പിള്ളേരാണ്. അഞ്ചോ പത്തോ വയസില്‍ ‘സി.ഐ.ഡി മൂസ’ കണ്ടവന്‍മാരാണ് അവരുടെ ഇരുപത്തഞ്ചോ, മുപ്പത്തഞ്ചോ വയസില്‍ എന്നെ വെച്ച് സിനിമ പിടിക്കുന്നത്,’ ജോണി ആന്റണി പറഞ്ഞു.
Content highlight: Johnny Antony is now responding to the question of whether he has ever felt the need to do serious films