| Sunday, 14th December 2025, 10:39 am

ലാസ്റ്റ് ടൈം ഈസ് നൗ; യുഗാന്ത്യം, അരങ്ങൊഴിഞ്ഞ് ജോണ്‍ സീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രൊഫഷണല്‍ റെസ്‌ലിങ് / സ്‌പോര്‍ട്‌സ് എന്റര്‍ടെയ്ന്‍മെന്റ് കരിയര്‍ അവസാനിപ്പിച്ച് ഇതിഹാസ താരം ജോണ്‍ സീന. ഡബ്ല്യൂ.ഡബ്ല്യൂ.ഇ സാറ്റര്‍ഡേ നൈറ്റ് മെയ്ന്‍ ഇവന്‍റില്‍ ഗുന്തറിനെതിരായ മാച്ചിന് പിന്നാലെയാണ് ജോണ്‍ സീന മഹോജ്വലമായ കരിയറിനോട് വിട പറഞ്ഞത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ എന്നല്ല പ്രൊഫഷല്‍ റെസ്‌ലിങ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഇപ്പോള്‍ കരിയറിനോട് വിടപറയുന്നത്. ഒരിക്കലും നികത്താന്‍ സാധിക്കാത്ത വിടവ് തന്നെയാണിത്.

View this post on Instagram

A post shared by WWE (@wwe)

2002ല്‍ കേര്‍ട്ട് ആംഗിളിന്റെ ഓപ്പണ്‍ ചലഞ്ച് സ്വീകരിച്ചുകൊണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ കരിയര്‍ ആരംഭിച്ച സീന, രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം 17 തവണ വേള്‍ഡ് ചാമ്പ്യനായി ചരിത്രം കുറിച്ചാണ് പടിയിറങ്ങുന്നത്.

1977 ഏപ്രില്‍ 23ന് ജനിച്ച സീന തന്റെ 22ാം വയസിലാണ് പ്രൊഫഷണല്‍ റെസ് ലിങ് കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് റൂത്ത്‌ലെസ് അഗ്രഷന്റെ പര്യായമായി മാറിയ സീന ബിഗ് ഷോയെ പരാജയപ്പെടുത്തി തന്റെ കരിയറിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിന് പുത്തന്‍ ഭാവുകത്വം നല്‍കുന്നതായിരുന്നു താരത്തിന്റെ ടൈറ്റില്‍ റണ്‍. ശേഷം നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍, എത്രയോ മെയ്ന്‍ ഇവന്റ് മാച്ചുകള്‍, സ്റ്റാര്‍ റേറ്റിങ്ങുകള്‍ കൊണ്ട് അളക്കാന്‍ സാധിക്കാത്ത പ്രകടനങ്ങള്‍… സീനയുടെ ചിറകിലേറി ഡബ്ല്യൂ.ഡബ്ല്യൂ.ഇയും വളരുകയായിരുന്നു.

View this post on Instagram

A post shared by WWE (@wwe)

ഇന്ന് സീനയുടെ കരിയര്‍ അവസാനിക്കുകയാണ്. വിജയത്തോടെ സീനയെ പടിയിറങ്ങാന്‍ സാധിച്ചില്ലെങ്കിലും ആളുകളുടെ മനസില്‍ ചാമ്പ്യനായിക്കൊണ്ട് തന്നെയാണ് സീന കളം വിടുന്നത്. ഇക്കാലയളവില്‍ ഇയാള്‍ ചെയ്യാത്തതായി ഒന്നും തന്നെ പ്രൊഫഷണല്‍ റെസ്ലിങ് രംഗത്ത് ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്.

എണ്ണിയാലൊടുങ്ങാത്ത പേ പെര്‍ വ്യൂകളില്‍ മെയ്ന്‍ ഇവന്ററായി, ഒരുപാട് ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി, എല്ലാത്തിലുമുപരി മെയ്ക്ക് എ വിഷിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ആഗ്രഹം സാധ്യമാക്കി. യഥാര്‍ത്ഥത്തില്‍ അയാള്‍ ഒരു സൂപ്പര്‍ ഹീറോ തന്നെ ആയിരുന്നു.

ബിഗ് ഷോയെ തോല്‍പിച്ച് ആദ്യ ടൈറ്റില്‍ സ്വന്തമാക്കിയ ജോണ്‍ സീനയുടെ പൊട്ടെന്‍ഷ്യല്‍ എത്രത്തോളമാണെന്ന് തുടര്‍ന്നുള്ള കുതിപ്പ് അടിവരയിടുന്നതായിരുന്നു. അതിന് ശേഷം വ്യത്യസ്ത സമയങ്ങളിലായി അഞ്ച് തവണയാണ് സീന യു.എസ് ചാമ്പ്യനായത്.

ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഏറ്റവും വലിയ പേ പെര്‍ വ്യൂ ആയ റെസില്‍ മാനിയയിലാണ് സീന ആദ്യമായി വേള്‍ഡ് ചാമ്പ്യനാവുന്നത്. റെസില്‍ മാനിയ 21ല്‍ ജെ.ബി.എല്ലായിരുന്നു താരത്തിന്റെ എതിരാളി. കൊണ്ടും കൊടുത്തും മുന്നേറിയ മത്സത്തില്‍ ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറിനെ പരാജയപ്പെടുത്തി സീന വേള്‍ഡ് ടൈറ്റിലിന്റെ മധുരം ആദ്യമായി നുണഞ്ഞു.

17 തവണയാണ് ജോണ്‍ സീന പ്രൊമോഷന്റെ വേള്‍ഡ് ടൈറ്റില്‍ സ്വന്തമാക്കിയത്. ഏറ്റവുമധികം തവണ ഈ നേട്ടത്തിലെത്തിയ താരവും സീനയാണ്. റെസില്‍മാനിയ 41ല്‍ കോഡി റൂഡ്സിനെ പരാജയപ്പെടുത്തിയ സീന, റിക് ഫ്ളെയറിന്റെ 16 വേള്‍ഡ് ടൈറ്റിലിന്റെ റെക്കോഡും പഴങ്കഥയാക്കിയിരുന്നു. ഈ 17ല്‍ 14 തവണ സീന ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍ഷിപ്പും മൂന്ന് തവണ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.

യു.എസ് ടൈറ്റിലനും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനും പുറമെ നാല് തവണ ടാഗ് ടീം ചാമ്പ്യന്‍, രണ്ട് തവണ റോയല്‍ റംബിള്‍ വിജയി, ഒരു പ്രാവശ്യം മിസ്റ്റര്‍ മണി ഇന്‍ ദി ബാങ്ക്, മള്‍ട്ടിപ്പിള്‍ ടൈം സൂപ്പര്‍ സ്റ്റാര്‍ ഓഫ് ദി ഇയര്‍ സ്ലാമി അവാര്‍ഡ് വിന്നര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് സീന സ്വന്തമാക്കിയത്.

ഒടുവില്‍ ഈ നവംബറില്‍ ഡൊമനിക് മിസ്റ്റീരിയോയെ പരാജയപ്പെടുത്തി തന്റെ കരിയറിലെ ആദ്യ ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ സീന ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായാണ് കളമൊഴിയുന്നത്.

View this post on Instagram

A post shared by WWE (@wwe)

2006ല്‍ ‘അണ്‍ഫൊര്‍ഗിവണി’ല്‍ ‘ടി.എല്‍.സി’ മാച്ചില്‍ എഡ്ജിനെ തോല്‍പിച്ചതും, 2009 ‘ബ്രേക്കിങ് പോയിന്റി’ല്‍ റാന്‍ഡി ഓര്‍ട്ടണെതിരെയുള്ള ‘ഐ ക്വിറ്റ്’ മാച്ചും അതേ വര്‍ഷം ‘ബ്രാഗിങ് റൈറ്റ്‌സി’ല്‍ ഓര്‍ട്ടണെതിരെയുള്ള ‘അയേണ്‍ മാന്‍ മാച്ചു’മടക്കം ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ചരിത്രത്തിലെ തന്നെ നിരവധി ഐക്കോണിക് മാച്ചുകള്‍… അതെ അയാളൊരു സൂപ്പര്‍ ഹീറോ തന്നെയായിരുന്നു.

2024 മണി ഇന്‍ ദി ബാങ്കിലാണ് സീന തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടൊറാന്റോയിലെ സോഷ്യോബാങ്ക് അരീന ഒന്നടങ്കം വിതുമ്പിയ നിമിഷം, സീന സ്‌ക്വയേര്‍ഡ് സര്‍ക്കിളിനോട് വിട പറയുകയാണെന്ന വാര്‍ത്ത ആദ്യമായി അവര്‍ കേട്ടു. ഇന്ന് ആ ദിവസം വന്നെത്തിയിരിക്കുന്നു.

ഇനിയൊരിക്കലും ഒരു മാച്ചിന് മുന്നോടിയായി ദി ടൈം ഈസ് നൗ എന്ന തീം മ്യൂസിക് മുഴങ്ങില്ല. സീനയുടെ ക്യാച്ച് ഫ്രേസ് പോലെ തന്നെ ഇനി സ്‌ക്വയേര്‍ഡ് സര്‍ക്കിളില്‍ നിങ്ങള്‍ക്കയാളെ കാണാന്‍ സാധിക്കില്ല. Yes, You Can’t See Him.

Content Highlight: John Cena Retired

We use cookies to give you the best possible experience. Learn more