ന്യൂദല്‍ഹി: മധ്യവര്‍ഗ്ഗ പാര്‍ട്ടികളെ മാത്രമല്ല, ഇടതുപക്ഷ ആശയങ്ങളെയും ഇടതുപക്ഷ പാര്‍ട്ടികളെയും കൂടി പരിഗണിക്കേണ്ട കടമ രാജ്യസഭാ അധ്യക്ഷനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി ജോണ്‍ ബ്രിട്ടാസ് എം.പി. സി.പി രാധാകൃഷ്ണനെ രാജ്യസഭയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാവരും പാര്‍ലമെന്ററി ചര്‍ച്ചകളുടെ നിലവാരം കുറയുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അത് പുനസ്ഥാപിക്കേണ്ട ബാധ്യത രാജ്യസഭാ അധ്യക്ഷനുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഒരു വര്‍ഷം 135 ദിവസം കൂടിയിരുന്ന പാര്‍ലമെന്റ് ഇന്ന് വെറും 55 ദിവസമായി ചുരുങ്ങിയിരിക്കുകയാണ്. നിയമനിര്‍മാണ പ്രക്രികയയുടെ നിലവാരം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
‘ താങ്കള്‍ ദ്രാവിഡമണ്ണില്‍ വേരുകളുള്ളതും ഏറെ അനുഭവസമ്പത്തുള്ള ഒരു പൊതു പ്രവര്‍ത്തകനുമായതില്‍ എനിക്ക് സന്തോഷമുണ്ട്.
കൂടാതെ, അങ്ങയുടെ മുന്‍ പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷണല്‍ ഇന്‍ചാര്‍ജ് എന്ന നിലയില്‍ കേരളവുമായി അങ്ങേയ്ക്ക് അടുത്ത ബന്ധവുമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങേയ്ക്ക് പാര്‍ട്ടിയില്ല, അങ്ങ് കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. അതിനാല്‍ താങ്കള്‍ കേരള സംസ്ഥാനത്തെയും പ്രതിനിധീകരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രതിപക്ഷത്തെ ന്യായമായും സ്വതന്ത്രമായും വിമര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍, ജനാധിപത്യം ഒരു സ്വേച്ഛാധിപത്യമായി മാറുമെന്ന് താങ്കള്‍ പറഞ്ഞിരുന്നു. സര്‍, ആ വാചകം ഈ ദിവസങ്ങളില്‍ കൂടുതല്‍ പ്രസക്തമാണ്. അത് അങ്ങ് ഓര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അങ്ങയുടെ ആദ്യ ഇടപെടല്‍ തന്നെ ഇന്ന് ട്രഷറി ബെഞ്ചുകളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു. അത് ശരിയായ ഒരു ഇടപെടലായിരുന്നു. അങ്ങ് അത് തുടരണം.
പാര്‍ലമെന്ററി ജനാധിപത്യത്തിന് രണ്ട് തൂണുകളുണ്ട്. ഒന്ന്, കാര്യനിര്‍വ്വഹണ വിഭാഗത്തിന് നിയമനിര്‍മ്മാണ സഭയോടുള്ള ഉത്തരവാദിത്തം. രണ്ട്, പ്രതിപക്ഷമെന്ന സ്ഥാപനം. ഭരണപക്ഷ നിലയ്ക്ക് അവര്‍ക്ക് അവരുടെ വഴി എന്തായാലും ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ പ്രതിപക്ഷത്തിന് ഞങ്ങളുടെ അഭിപ്രായം പറയാന്‍ അവകാശം ഉണ്ടായിരിക്കണം.
എന്നാല്‍ ഇന്ന് ആ പറയാനുള്ള അവകാശം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇതാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ വൈകല്യം.
സര്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ലമെന്റില്‍ 206 തവണയാണ് ഇരുസഭകളിലുമായി എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പ് ശീതകാല സമ്മേളനത്തില്‍ 146 എം.പിമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ലാതെ പോലും നിര്‍ണ്ണായകമായ നിയമനിര്‍മ്മാണങ്ങള്‍ ഈ സഭയില്‍ പാസാക്കപ്പെട്ടു,
ഡോ. ബി.ആര്‍. അംബേദ്കറെ ഉദ്ധരിക്കാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം രാജ്യസഭയ്ക്ക് മൂന്ന് സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നല്‍കി.
ഒന്ന്, പരിഷ്‌കരണത്തിനും പുനരവലോകനത്തിനുമുള്ള ഒരു സഭയാണിത് എന്നതായിരുന്നു ആദ്യത്തെ സുപ്രധാന ഉത്തരവാദിത്തം. നമ്മള്‍ അതിന് അടുത്തെങ്കിലും എത്തുന്നുണ്ടോ?
രണ്ട്, തിടുക്കത്തിലുള്ളതും വേണ്ടത്ര ആലോചിക്കാത്തതുമായ നിയമനിര്‍മ്മാണങ്ങളെ ചെറുക്കുക. സര്‍, ഈ സഭയില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെ സംബന്ധിച്ച് ഞാന്‍ അങ്ങേയ്ക്ക് ഒരു നേര്‍ക്കാഴ്ച നല്‍കാം. കാരണം അങ്ങ് ഈ സഭയില്‍ പുതിയ ആളാണ്.
2019 നും 2024 നും ഇടയില്‍, 34% ബില്ലുകളും രാജ്യസഭയില്‍ ഒരു മണിക്കൂറില്‍ താഴെ ചര്‍ച്ച ചെയ്താണ് പാസാക്കിയത്. ഇതേ കാലയളവില്‍, ഏകദേശം 60% ബില്ലുകളും രണ്ട് മണിക്കൂറില്‍ താഴെ ചര്‍ച്ച ചെയ്താണ് പാസാക്കിയത്.
സര്‍, ഇതാണോ തിടുക്കത്തിലുള്ളതും വേണ്ടത്ര ആലോചിക്കാത്തതുമായ നിയമനിര്‍മ്മാണങ്ങളിലുള്ള ഒരു ‘പരിശോധന’ എന്ന് ഡോ. അംബേദ്കര്‍ പറഞ്ഞത്? ഈ ചോദ്യം അങ്ങയുടെ കാതുകളില്‍ മുഴങ്ങണം.
മൂന്നാമതായി, ഡോ. അംബേദ്കര്‍ വിശദീകരിച്ച പ്രകാരം ഈ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം ഒരു ഫെഡറല്‍ ഘടനയില്‍ സംസ്ഥാനങ്ങളെ സംരക്ഷിക്കുക എന്നതാണ്. സര്‍, എന്താണ് അവസ്ഥ? നമ്മുടെ സംസ്ഥാനങ്ങള്‍ രക്തം വാര്‍ന്ന് മരിക്കുന്ന അവസ്ഥയിലാണ്.
ഞങ്ങള്‍ അപേക്ഷിക്കുന്നു, എന്നാല്‍ ഈ ചേംബര്‍ ബധിരവും മൂകവുമായി മാറിയിരിക്കുന്നു, അതിനാല്‍ ഫെഡറല്‍ വിഷയങ്ങള്‍ വരുമ്പോള്‍ ഈ സഭയുടെ മനോഭാവത്തെക്കുറിച്ച് ദയവായി ചിന്തിക്കുക.
ഇതുവരെ ഉണ്ടായിട്ടുള്ള 15 ഉപരാഷ്ട്രപതിമാരില്‍ ആറ് പേര്‍ പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിമാരായി. ഈ ആറ് പേരേയും പരസ്പരം ബന്ധിപ്പിച്ച ഒരു കാര്യമുണ്ട്. പ്രതിപക്ഷമെന്ന തിരുത്തല്‍ ശക്തിയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥത. സര്‍, ഇതും അങ്ങേയ്ക്ക് ഒരു വലിയ ഇന്‍പുട്ടായിരിക്കും.
അങ്ങ് 2025 ഒക്ടോബര്‍ 7ന് സാര്‍ തന്നെ പറഞ്ഞ ഒരു വാക്കുകള്‍ കൊണ്ട് ഞാന്‍ പ്രസംഗം അവസാനിപ്പിക്കാം.
നാല് ‘ഡി’കള്‍ Dialogue (സംവാദം), Deliberation (ആലോചന), Debate (ചര്‍ച്ച) Discussion (വിശകലനം) ഇവ പ്രോത്സാഹിപ്പിക്കുമെന്ന അങ്ങയുടെ പരാമര്‍ശം. ഞങ്ങള്‍ ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അങ്ങ് വിജയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അങ്ങയുടെ വിജയം ഈ സഭയുടെയും ഈ രാജ്യത്തിന്റെയും വിജയമായിരിക്കും.
സര്‍, ഒരു ലഘുവായ തമാശയായി പറയട്ടെ, അങ്ങയുടെ അമ്മാവന്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു. ഇന്ന് ഇവിടെ ജയറാം രമേശ് ജിയും ഖാര്‍ഗെ ജിയുമൊക്കെ സൂചിപ്പിക്കുകയുണ്ടായി. ശ്രീ. കുപ്പുസ്വാമി, അദ്ദേഹം മൂന്ന് തവണ ലോക്സഭാ അംഗമായിരുന്നല്ലോ.
അങ്ങ് അത് മറന്നാലും, അങ്ങ് ഒരിക്കലും മറക്കരുതാത്ത ഒരു വസ്തുതയുണ്ട്. അത് അങ്ങയുടെ മുത്തശ്ശന്‍ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്നതാണ്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Content Highlight: John Brittas Speech Rajyasabha CP Radhakrishnan