ന്യൂദല്‍ഹി: ഇറാനെതിരെ യു.എസും ഇസ്രഈലും നടത്തുന്ന ഏകപക്ഷീയമായ ആക്രമണത്തിനെതിരെ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും അതിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്.
കേന്ദ്ര സര്‍ക്കാരിന്റെ മൗനം മികച്ച രാഷ്ട്രതന്ത്രം എന്ന് പുകഴ്ത്തി പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂരിനെയും മനീഷ് തിവാരിയെയും ബ്രിട്ടാസ് വിമര്‍ശിച്ചു.
‘യാതൊരു ന്യായീകരണവുമില്ലാത്ത യുദ്ധത്തെ കുറിച്ച് ഇന്ത്യയെന്ന രാജ്യത്തിന് ഒന്നും പറയാനില്ല. ഒന്നും പറയാനില്ലാത്തത് വളരെ കേമമെന്നാണ് ശശി തരൂരും മനീഷ് തിവാരിയും പറയുന്നത്. ഇത് പതിറ്റാണ്ടുകളായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടകുളെ തകര്‍ക്കുന്നതിന് തുല്യമാണ്,’ ബ്രിട്ടാസ് പറഞ്ഞു.
അമേരിക്ക-ഇസ്രഈല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണം പശ്ചിമേഷ്യയെയാകെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ മാത്രം ഒരു കോടി ഇന്ത്യക്കാരുണ്ട്. അതില്‍ ലക്ഷക്കണക്കിന് മലയാളികളുണ്ട്. അവരെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടതല്ലേ? ഗ്യാസ് വിലക്കയറ്റവും ക്ഷാമവും മാത്രമല്ല സമസ്ത സാമ്പത്തിക മേഖലകളിലും ഇന്ത്യക്കാര്‍ അനിശ്ചിതത്വം നേരിടുകയാണ്. എന്നിട്ടും കേന്ദ്രം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂരും മനീഷ് തിവാരിയും കേന്ദ്രസര്‍ക്കാരിന്റെ മൗനത്തെ ന്യായീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ഉന്നയിച്ചു.
1970കളില്‍ ഇന്ത്യ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുകയും അന്ന് ചില നിലപാടുകളില്‍ മൗനം പാലിക്കുകയും ചെയ്തില്ലേയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തെ ന്യായീകരിച്ചുകൊണ്ട് തരൂര്‍ വാദിക്കുന്നുണ്ട്.
50ലേറെ വര്‍ഷം പഴക്കമുള്ള നിലപാട് എടുത്തുപറഞ്ഞ് നിശബ്ദതയെ ന്യായീകരിക്കാനാണ് തരൂര്‍ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ ഐ.ടി സെല്‍ പുറത്തുവിടുന്ന ഈ ടൂള്‍ കിറ്റ് തരൂരിനെ പോലൊരാള്‍ ഒരിക്കലും ഏറ്റെടുക്കാന്‍ പാടില്ലായിരുന്നെന്ന് ബ്രിട്ടാസ് വിമര്‍ശിച്ചു.
70 കളില്‍ എന്താണ് സംഭവിച്ചതെന്ന് തരൂരിന് അറിയാത്തതല്ല. ബംഗ്ലാദേശ് യുദ്ധകാലത്ത് 1971ല്‍ പാകിസ്ഥാനെ പിന്തുണയ്ക്കാനായി അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഏഴാം കപ്പല്‍ പടയെ അയച്ചപ്പോള്‍ ഇന്ത്യയെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ മാത്രമാണ് രംഗത്തെത്തിയത്.
അന്ന് യുദ്ധക്കപ്പലുകളയച്ചാണ് സഹായിച്ചത്. അന്നത്തെ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി ഇപ്പോഴത്തെ ഇന്ത്യയുടെ നിശബ്ദതയെ ന്യായീകരിച്ചത് ഒട്ടും ശരിയായില്ലെന്ന് ബ്രിട്ടാസ് ശശി തരൂരിനോടായി പറഞ്ഞു.
സര്‍ക്കാരിന്റെ നിശബ്ദതയെ താങ്കളിപ്പോള്‍ ന്യായീകരിക്കുന്നുണ്ട്. തന്ത്രപരമായ സ്വയം ഭരണമെന്ന് പറഞ്ഞ് സ്വന്തം നേട്ടങ്ങള്‍ നേടിയെടുക്കാനായിട്ടുള്ള മാധ്യമമായിട്ടാണ് താങ്കള്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
യു.എസിനൊപ്പം ചേര്‍ന്ന് ദാസ്യവേല ചെയ്തിട്ട് ഇന്ത്യയ്ക്ക് എന്തുകിട്ടി? എവിടെയാണ് രാജ്യത്തിന്റെ ഊര്‍ജ സെക്യൂരിറ്റിയെന്നും ബ്രിട്ടാസ് ചോദിച്ചു.
പാശ്ചാത്യ സഖ്യകക്ഷികള്‍ പോലും തൊടാന്‍ മടിക്കുന്ന ഒരു കാലഘട്ടത്തില്‍ അങ്ങോട്ട് പോയി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശ്ലേഷിച്ച പ്രധാനമന്ത്രയെ കുറിച്ച് താങ്കള്‍ക്ക് ഒന്നും പറയാനില്ല?
ഒരു രാജ്യത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് താങ്കള്‍ക്ക് ഒന്നും പറയാനില്ലേ? ടെഹ്‌റാനിലെ ഒരു സ്‌കൂളില്‍ ബോംബിട്ട് 165 കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതിനെ കുറിച്ച് താങ്കള്‍ക്ക് ഒന്നും പറയാനില്ലേയെന്നും ബ്രിട്ടാസ് വിമര്‍ശിക്കുന്നു.
ഇറാഖിന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയും പാര്‍ലമെന്റിലെ ഇരുസഭകളും അപലപിച്ചതും ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ മാത്രമല്ല, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിലപാടും അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.
Content Highlight: John Brittas slams Tharoor for praising Modi government’s silence on West Asian conflict