ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോണ്‍ഗ്രസിനെതിരായ പ്രസംഗത്തെ യു.ഡി.എഫ് എം.പി ശശി തരൂര്‍ ഉദാത്തമെന്ന് വിശേഷിപ്പിച്ചതില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം തേടി സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്.
മോദിയുടെ പരാമര്‍ശത്തിലും ശശി തരൂരിന്റെ പ്രശംസയിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ താത്പര്യമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബ്രിട്ടാസിന്റെ വിമര്‍ശനം.
’10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബന്‍ നക്സലുകളും മാവോയിസ്റ്റ് ശക്തികളും കോണ്‍ഗ്രസിനുള്ളില്‍ കയറിക്കൂടി കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് (എന്‍.എന്‍.സി) ആക്കി മാറ്റിയെന്ന മോദിയുടെ പ്രസംഗത്തെയാണ് ശശി തരൂര്‍ ഉദാത്തം എന്ന് വിശേഷിപ്പിച്ചത്,’ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ പി.എം ശ്രീയിൽ ഒപ്പുവെച്ചപ്പോള്‍ ‘ഡീല്‍… ഡീല്‍…’ എന്ന് അലറിക്കൂവിയ കോണ്‍ഗ്രസുകാര്‍ എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ ആറാമത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് മോദിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം.
’10-15 വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറിയ അര്‍ബന്‍ നക്സലുകളും മാവോയിസ്റ്റ് ശക്തികളും ഇപ്പോള്‍ കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോണ്‍ഗ്രസ് (M.M.C) ആക്കി മാറ്റിയിരിക്കുന്നു. ഇന്ന്, ഞാന്‍ ഇത് പൂര്‍ണ ഉത്തരവാദിത്തത്തോടെ പറയുന്നു… ഈ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോണ്‍ഗ്രസ് അവരുടെ സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ദേശീയ താത്പര്യം ഉപേക്ഷിച്ചിരിക്കുന്നു. ഇന്നത്തെ ഈ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോണ്‍ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഒരു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്,’ എന്നാണ് മോദി സംസാരിച്ചത്.
രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിന്റെ വ്യാപ്തി കുറഞ്ഞുവരികയാണെന്നും നക്‌സലിസം അതിവേഗത്തിലാണ് ഇല്ലാതാകുന്നതെന്നും മോദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ശശി തരൂര്‍ സംസാരിച്ചത്.
മോദി സംസാരിക്കുന്ന സ്വകാര്യ പരിപാടിയില്‍ സദസിലൊരാളായി ഇരിക്കാനായതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ പ്രതികരിച്ചിരുന്നു. മോദിയുടെ പ്രസംഗം ഒരു വലിയ സാമ്പത്തിക വീക്ഷണത്തിന് വേണ്ടിയുള്ള സാംസ്‌കാരിക ആഹ്വാനമാണെന്നും പുരോഗതിക്കായി മുറവിളി കൂട്ടാന്‍ പ്രേരിപ്പിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
പിന്നാലെ ശശി തരൂര്‍ ഒരു മൃദുസംഘിയാണെന്നും അദ്ദേഹം മോദിയെ പൂര്‍ണമായും പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. തരൂരിന്റെ ഈ പ്രശംസ ബി.ജെ.പിയില്‍ ചേരുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: John Brittas seeks Congress’ response on Shashi Tharoor’s call for Modi’s anti-Congress speech as ‘sublime’