ന്യൂദൽഹി: 2026-27ലെ ബഡ്ജറ്റിൽ കേരളത്തെ തഴഞ്ഞുള്ള കേന്ദ്ര നടപടിയിൽ പ്രതികരിച്ച് രാജ്യസഭ എം.പിയും സി.പി.ഐ.എം നേതാവുമായ ജോൺ ബ്രിട്ടാസ്.
വളരെ നിരാശ ജനകമായ ബഡ്ജറ്റാണെന്നും എയിംസിന്റെ കാര്യത്തിൽ കേന്ദ്രം ഇപ്പോഴും നിശബ്ദത തുടരുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
അതിവേഗ റെയിലിൽ കമ എന്നൊരക്ഷരം ധനമന്ത്രി മിണ്ടിയില്ലെന്നും കടലോളം പ്രതീക്ഷിച്ച കേരളത്തിൽ കടലാമ മാത്രമാണെന്ന് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിലും കേരളത്തെ പരാമർശിച്ചിട്ടില്ലെന്നും അതുണ്ടാകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉൾനാടൻ ജലപാതയെ കുറിച്ച് വീരവാദം മുഴക്കുന്നുണ്ടെന്നും എന്നാൽ ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകളുള്ള കേരളത്തിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും അത് ഒറീസയ്ക്ക് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉൾനാടൻ ജലപാതയെ കുറിച്ച് വലിയ വീരവാദം മുഴക്കുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകളുള്ള കേരളത്തിന്റെ പേര് പരാമർശിച്ചിട്ടില്ല. അത് ഒറീസയിലേക്ക് കൊണ്ടുപോയിരിക്കുന്നു,’ ജോൺ പറഞ്ഞു.
ഉൾനാടൻ ജലപാതകളുടെ ഷിപ്പ് റിപ്പെയറുമായി ബന്ധപ്പെട്ട ആനുകൂല്യം യഥാർത്ഥത്തിൽ നൽകേണ്ടത് കേരളത്തിനാണ്. എന്നാൽ അത് വാരണാസിയിലും പാട്നയിലുമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ ധാതുക്കൾ ഉള്ള ഒരു സംസ്ഥാനമായതുകൊണ്ടുമാത്രമാണ് എർത്ത് കോറിഡോറിന്റെ കാര്യത്തിൽ കേരളത്തെ പരാമർശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സമ്പദ് ഘടന മുൻകാലങ്ങളിൽ വലിയ ആവേശത്തോടെ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ സൃഷ്ടിച്ചോ എന്നതിനെകുറിച്ചൊന്നും പരാമർശിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഡോളറിനെതിരെ രൂപയുടെ വില കൂപ്പുകുത്തുന്നതിനെക്കുറിച്ചും ടാക്സ് ടെററിസ്റ്റിനെ കുറിച്ചും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭകൻ സ്വയം ജീവിതം അപഹരിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടി ഇതിനെ കൂട്ടിവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: John Brittas reacts to the central government’s move to ignore Kerala in the 2026-27 budget