| Saturday, 8th November 2025, 1:28 pm

ഇന്ത്യന്‍ റെയില്‍വേയെ വര്‍ഗീയ രാഷ്ട്രീയത്തിന് ഉപയോഗിച്ചു; വന്ദേഭാരത് ഉദ്ഘാടനത്തില്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചതില്‍ ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എറണാകുളത്ത് ഇന്ന് നടന്ന വന്ദേഭാരത് ഉദ്ഘാടനത്തില്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്റ് അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. ഇന്ത്യയുടെ പൊതുസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയെ വര്‍ഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതാണ് ആര്‍.എസ്.എസ് ഗണഗീതം പാടിയ നടപടിയെന്ന് ബ്രിട്ടാസ് പറഞ്ഞു. വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവത്‌രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രിട്ടാസ് പ്രതികരിച്ചത്.

ഇന്ത്യയുടെ പൊതുസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയെ വര്‍ഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആര്‍.എസ്.എസ് ഗീതം പാടിയ നടപടി. വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവത്ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

മുമ്പ് എറണാകുളം- ബെംഗളൂരു റൂട്ടില്‍ താത്കാലിക രൂപത്തില്‍ സര്‍വീസ് ഉണ്ടായിരുന്നെന്നും, പിന്നീട് നിര്‍ത്തിവെച്ച ഈ സര്‍വീസ് പുനരാരംഭിക്കാന്‍ താനടക്കമുള്ള എം.പിമാര്‍ കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ പൊടുന്നനെ ഒരു ദിവസം റെയില്‍വെ മന്ത്രി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഭാരവാഹികളുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്തി വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിക്കുകയായിരുന്നെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മാത്രമല്ല ബി.ജെ.പിക്ക് വകതിരിവെന്നത് പണ്ടേ ഇല്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുമ്പ് എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ താല്‍ക്കാലിക രൂപത്തിലാണെങ്കിലും സര്‍വ്വീസ് ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായി നിര്‍ത്തലാക്കുകയായിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് ഞാനുള്‍പ്പടെയുള്ള കേരള എം.പിമാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ തന്നെ പരിഗണിക്കാമെന്ന നിര്‍ദേശം ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി…

എന്നാല്‍ പൊടുന്നനെ തന്നെ ഒരു ദിവസം റെയില്‍വെ മന്ത്രി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി ഭാരവാഹികളുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്തുന്നു, വന്ദേഭാരത് സര്‍വ്വീസ് പ്രഖ്യാപിക്കുന്നു. ഇത്രയും തരം താഴ്ന്ന രീതിയില്‍ ഒരിക്കലും ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല.

അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഗണഗീതാലാപനവും മറ്റ് രാഷ്ട്രീയ കാര്യപരിപാടികളും പുതിയ സര്‍വീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിനും ഭരണകക്ഷിയായ ബി.ജെ.പിക്കും ‘വകതിരിവെന്നത് ‘പണ്ടേ ഇല്ല. എന്നാല്‍ അതിന്റെ മാറ്റ് എത്രത്തോളം വര്‍ദ്ധിപ്പിക്കാമെന്നാണ് അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

Content Highlight: John Brittas reacts to RSS anthem being sung at Vande Bharat inauguration

We use cookies to give you the best possible experience. Learn more