| Wednesday, 30th July 2025, 9:58 pm

ക്രിസ്ത്യന്‍ സ്‌കൂളില്‍ പഠിച്ച ജെ.പി. നദ്ദയെയും നിര്‍മല സീതാരാമനെയും മതം മാറ്റിയോ, രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കരുത്: ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധം രാജ്യസഭയിലും. ഇടതുപക്ഷ എം.പി. രാജ്യസഭയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കളെല്ലാം പഠിച്ചത് ക്രിസ്ത്യന്‍ സ്‌കൂളുകളിലാണെന്നും ആരെയെങ്കിലും മതം മാറ്റിയോ എന്നുമാണ് ബ്രിട്ടാസ് ചോദിച്ചത്.

ബി.ജെ.പി നേതാക്കളായ ജെ.പി. നദ്ദ, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, ജയശങ്കര്‍ എന്നിവരെല്ലാം ക്രിസ്ത്യന്‍ സ്‌കൂളുകളിലാണ് പഠിച്ചതെന്നും അവരെല്ലാം മതം മാറിയോ എന്നും ചോദിച്ച ബ്രിട്ടാസ്, പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും പീഡിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ആതുരസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും സ്തുത്യര്‍ഹമായ സേവനമാണ് ക്രിസ്ത്യന്‍ മിഷണറി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ജെ.പി നദ്ദ താങ്കള്‍ പഠിച്ചത് ക്രൈസ്തവ സ്‌കൂളില്‍, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, ജയശങ്കര്‍ ഇവരെല്ലാം പഠിച്ചത് ക്രൈസ്തവ സ്‌കൂളില്‍. ആരെ മതപരിവര്‍ത്തനം ചെയ്യാനാണ് അവര്‍ നിങ്ങളെ പഠിപ്പിച്ചത്? നിങ്ങള്‍ ക്രിസ്ത്യാനിയായോ? ഇല്ലല്ലോ, ഹിന്ദുവായി നില്‍ക്കുകയല്ലേ ചെയ്തത്. ഇതുപോലെ ആതുരശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസരംഗത്തും സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന ക്രൈസ്തവരെയും കന്യാസ്ത്രീകളെയും നിങ്ങള്‍ പീഡിപ്പിക്കരുത്,’ ജോണ്‍ ബ്രിട്ടാസ് പറയുന്നു.

ഇത്തരം പ്രവൃത്തികളൊക്കെ രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് താന്‍ എല്ലാവരെയും ഓര്‍മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ വിദേശനയങ്ങള്‍ ഓരോ പൗരന്റെയും കടമയാണെന്ന് കൂടി താന്‍ പറയുന്നെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. ഈ രാജ്യം മഹത്തായ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തങ്ങളെല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞു. മനുഷ്യക്കടത്തുള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് കോടതി ഇവര്‍ക്കുമേല്‍ ചുമത്തിയത്. ഇതിനിടെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്ന കേരള ബി.ജെ.പിയുടെ വാദം പൊളിയുന്ന കോടതി ഉത്തരവും ഇതിനിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസമാണ് ഛത്തീസഗഢിലെ ദുര്‍ഗില്‍ വെച്ച് മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവര്‍ അറസ്റ്റിലായത്.

Content Highlight: John Brittas reacts against BJP in Rajya Sabha on The arrest of nuns in Chattisgarh

We use cookies to give you the best possible experience. Learn more