| Wednesday, 13th August 2025, 3:36 pm

വലതുപക്ഷ സിനിമകള്‍ക്ക് വലിയ രീതിയില്‍ പ്രേക്ഷകര്‍ ലഭിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു: ജോണ്‍ എബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമകളില്‍ അടുത്തിടെ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം. വലതുപക്ഷ സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നാണ് ജോണ്‍ എബ്രഹാം പറഞ്ഞത്. ഈയടുത്ത് അത്തരം സിനിമകള്‍ ധാരാളമായി വരുന്നുണ്ടെന്നും അതിനെയെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താനൊരിക്കലും അത്തരം സിനിമകളുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും ജോണ്‍ എബ്രഹാം പറയുന്നു. താന്‍ അരാഷ്ട്രീയവാദിയാണെങ്കിലും രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളിലാണ് താന്‍ കൂടുതലും ഭാഗമാകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ടെഹ്‌റാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്ദീപ് സര്‍ദേശായിയോട് സംസാരിക്കുകയായിരുന്നു ജോണ്‍ എബ്രഹാം.

‘ഞാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, രാഷ്ട്രീയത്തെക്കുറിച്ച് ബോധ്യമുള്ള അരാഷ്ട്രീയവാദിയാണ് ഞാന്‍. എന്നാല്‍ എന്റെ ഒരു അഭിപ്രായം ഈ സമയത്ത് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വലതുപക്ഷ സിനിമകള്‍ക്ക് ഇവിടെ വലിയ രീതിയില്‍ പ്രേക്ഷകരെ ലഭിക്കുന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ സത്യം പറയുന്ന ഒരു സിനിമ ചെയ്യണോ അതോ ഒരുപാട് പൈസയുണ്ടാക്കാന്‍ സാധിക്കുന്ന ഒരു സിനിമ ചെയ്യണോ എന്ന ചോദ്യം എല്ലായ്‌പ്പോഴും ഉണ്ടാകും. ഞാന്‍ അതില്‍ സത്യമായ കാര്യം പറയുന്നതാണ് തെരഞ്ഞെടുക്കുക. എന്റേത് ഒരു ദേശസ്‌നേഹ സിനിമയല്ല. ഇന്ത്യയില്‍ പണ്ട് നടന്ന ഒരു സംഭവമാണ് ഈ സിനിമയുടെ തീം,’ ജോണ്‍ എബ്രഹാം പറയുന്നു.

ഇപ്പോഴത്തെ രീതിയില്‍ ഒരുപാട് കളക്ഷന്‍ കിട്ടാന്‍ സാധ്യതയുള്ള മുസ്‌ലിം നാമധാരി പ്രധാന വില്ലനായെത്തുന്ന ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിനും ജോണ്‍ എബ്രഹാം മറുപടി നല്‍കി. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ഛാവാ താന്‍ കണ്ടിട്ടില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താരം പറഞ്ഞു.

പ്രേക്ഷകര്‍ക്ക് ഛാവാ, കശ്മീര്‍ ഫയല്‍സ് എന്നീ സിനിമകള്‍ ഇഷ്ടമായെന്നും എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയില്‍ അത്തരം സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. അത്തരം സിനിമകളും അഡള്‍ട്ട് കോമഡിയുള്ള സിനിമകളും താന്‍ ഒരിക്കലും ചെയ്യില്ലെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.

Content Highlight: John Abraham on the acceptance of Right Wing films in India

We use cookies to give you the best possible experience. Learn more