| Thursday, 23rd April 2026, 7:32 am

ഇവന്‍ ഇനി രാജസ്ഥാന്റെ രാജാവ്; ആര്‍ച്ചറിന്റെ തീയുണ്ടയില്‍ പിറന്നത് വമ്പന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മിന്നും വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തിരുന്നു. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിനെ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു പിങ്ക് ആര്‍മി.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ജോഫ്ര ആര്‍ച്ചറാണ്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.00 എന്ന കിടിലന്‍ എക്കോണമിയും താരത്തിനുണ്ടായിരുന്നു.

തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു മിന്നല്‍ റെക്കോഡ് സ്വന്തമാക്കാനും ആര്‍ച്ചറിന് സാധിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് ആര്‍ച്ചര്‍ സ്വന്തം പേരിലാക്കിയത്. മുന്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണെയും സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെയും മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവര്‍

(താരം, ഇന്നിങ്‌സ്, വിക്കറ്റ്)

ജോഫ്ര ആര്‍ച്ചര്‍ – 54 – 68

ഷെയ്ന്‍ വാട്‌സണ്‍ – 76 – 67

യുസ്‌വേന്ദ്ര ചഹല്‍ – 46 – 66

സിദ്ധാര്‍ത്ഥ് ത്രിവേദി – 75 – 65

ആര്‍ച്ചറിന് പുറമെ നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ലഖ്‌നൗവിന് വേണ്ടി 41 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 25 പന്തില്‍ 22 റണ്‍സും നേടി. ഇംപാക്ട പ്ലെയര്‍ ഹിമ്മത് സിങ് 15 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.

അതേസമയം റോയല്‍സിനായി ആറാം സ്ഥാനത്ത് ഇറങ്ങിയ രവീന്ദ്ര ജഡേജയാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. 29 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. യശസ്വി ജെയ്‌സ്വാള്‍ (22), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (20), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22), ഡെണോവന്‍ ഫെരേരിയ (20) എന്നിവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

ലഖ്‌നൗവിനായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹസിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

Content Highlight: Jofra Archer becomes Rajasthan Royals’ highest wicket-taker

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more