| Friday, 3rd July 2026, 10:23 pm

ഇന്ത്യയെ കാത്തിരിക്കുന്നത് 'ഇരട്ടത്തിരിച്ചടി'; സഞ്ജുവിന്റെ അന്തകനെ കളത്തിലിറക്കി ത്രീലയണ്‍സ്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തി ഇംഗ്ലണ്ട്. സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചറെ തിരികെ വിളിച്ചുകൊണ്ട് ത്രീ ലയണ്‍സ് കൂടുതല്‍ ശക്തമായിരിക്കുകയാണ്. പരിക്കില്‍ നിന്ന് പൂര്‍ണ ഫിറ്റ്‌നസ് നേടിയാണ് ആര്‍ച്ചര്‍ കളത്തിലെത്തുന്നത്. അറ്റാക്കിങ് ബൗണ്‍സറുകള്‍ക്ക് പേരുകേട്ട ആര്‍ച്ചര്‍ വരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര ഏറെ ജാഗരൂകരാകേണ്ടതുണ്ട്.

പ്രത്യേകിച്ച് ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിന് ആര്‍ച്ചര്‍ കടത്ത വെല്ലുവിളി സൃഷ്ടിച്ചേക്കാം. 2025 ഐ.പി.എല്ലിന് മുമ്പ് നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ആര്‍ച്ചറിന്റെ ബൗണ്‍സറുകളില്‍ തുടര്‍ച്ചയായി പുറത്തായി സഞ്ജു കീഴടങ്ങിയിരുന്നു. മാത്രമല്ല ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന് പരിക്ക് പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ലോകകപ്പില്‍ പലിശ സഹിതം സഞ്ജു തിരിച്ച് നല്‍കിയെങ്കിലും നിലവില്‍ ഔട്ട് ഓഫ് റണ്‍ ആയ സഞ്ജുവിന് നേരെ ആര്‍ച്ചര്‍ എങ്ങനെ പന്തെറിയുമെന്ന് കണ്ടറിയണം.

മാത്രമല്ല ആര്‍ച്ചറിന് പിന്നാലെ സൂപ്പര്‍ പേസര്‍ ഷോഷ് ടങ്ങും ഇംഗ്ലണ്ട് നിരയില്‍ ഇടം നേടിയിട്ടുണ്ട്. ഇതോടെ തന്റെ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റം നടത്താനും താരത്തിന് സാധിക്കും. ഇംഗ്ലണ്ടിന് വേണ്ടി രണ്ട് തീപ്പൊരി ബൗളര്‍മാരും കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. സാക്കിബ് മഹ്‌മൂദിനെയും ലൂക്ക് വുഡ്ഡിനെയുമാണ് ഇംഗ്ലണ്ട് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് അടുത്ത മത്സരത്തില്‍ അരങ്ങേറ്റം കുറിക്കാം സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതും. സഞ്ജു സാംസണോ ഇഷാന്‍ കിഷനോ മാറി നിന്ന് താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ വെടിക്കെട്ട് പ്രകടനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. മഴകാരണം ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം നാളെ (ജൂലൈ നാലിന്) മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്

Content Highlight: Jofra Archer And Josh Tongue Included In England Playing 11 Against India In T-20 Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more