ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മയെയും പ്രശംസിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ക്രിക്കറ്റിന്റെ നിലവാരത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ താരങ്ങളാണെന്നും മറ്റ് പല താരങ്ങള്‍ക്കും സാധിക്കാത്ത കാര്യങ്ങളാണ് അവര്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നും റൂട്ട് പറഞ്ഞു.
‘വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ക്രിക്കറ്റിന്റെ നിലവാരത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ താരങ്ങളാണ്. മറ്റ് പല താരങ്ങള്‍ക്കും സാധിക്കാത്ത കാര്യങ്ങളാണ് അവര്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ കളി ഞാന്‍ ശ്രദ്ധിച്ച് കാണാറുണ്ട്. അവര്‍ എങ്ങനെയാണ് കളിയെ സമീപിക്കുന്നതെന്ന് മനസിലാക്കാനും പഠിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും അവര്‍ കളിയില്‍ മൈലുകള്‍ മുന്നിലായിരിക്കും,’ ജോ റൂട്ട് റെവ് സ്പോര്‍ട്സില്‍ പറഞ്ഞു.
രോഹിത് ശർമ്മയും വിരാട് കോഹ്ലിയും
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ കരുത്തില്‍ 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ 133 പന്തില്‍ പുറത്താകാതെ 99* റണ്‍സായിരുന്നു റൂട്ട് നേടിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍ താരം വിരാട് കോഹ്ലി 66 പന്തില്‍ 65 റണ്‍സ് നേടിയാണ് പുറത്തായത്. ശ്രേയസ് അയ്യര്‍ 66 റണ്‍സും നേടിയിരുന്നു. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ 47 പന്തില്‍ 26 റണ്‍സ് നേടിയാണ് മടങ്ങിയത്. മത്സരത്തില്‍ രോ-കോ സഖ്യം 50 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് നേടിയിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 8000 റണ്‍സിന്റെ കൂട്ടുകെട്ട് പൂര്‍ത്തിയാക്കാനും രോ-കോയ്ക്ക് സാധിച്ചു.
എന്നാല്‍ മത്സരത്തിന് പിന്നാലെ രോഹിത് ശര്‍മയെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നത്. സൂപ്പര്‍ താരം 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് ലിസ്റ്റില്‍ ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ച.
മാത്രമല്ല രോഹിത്തിന്റെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്ക് എത്തിയതടക്കമുള്ള കാര്യങ്ങള്‍ താരത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അനുമാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Content Highlight: Joe Root Talking About Rohit Sharma And Virat Kohli