ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയെന്ന ഐതിഹാസിക നേട്ടത്തിന് തത്കാലത്തേക്കെങ്കിലും ഭീഷണിയൊഴിഞ്ഞിരിക്കുകയാണ്. ഏകദിനത്തില്‍ നിന്ന് മാത്രം വിരാടിന് 18 സെഞ്ച്വറികള്‍ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.
എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡ് ഒട്ടും സേഫല്ല. ഈ റെക്കോഡിന് ഭീഷണിയുയര്‍ത്തുന്നതാകട്ടെ ജോസഫ് എഡ്വാര്‍ഡ് റൂട്ട് എന്ന ഇംഗ്ലണ്ടിന്റെ വിശ്വസ്ത താരവും. ഇതിഹാസങ്ങളെ ഒന്നൊന്നായി മറികടന്നാണ് റൂട്ട് സച്ചിന്റെ റെക്കോഡിലേക്കും കുതിക്കുന്നത്.
ജോ റൂട്ട്
2022ല്‍ തന്റെ കരിയറില്‍ 10,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് റൂട്ട് സച്ചിന്റെ ഐതിഹാസിക നേട്ടത്തിന് ഭീഷണിയാകുമെന്ന ചര്‍ച്ചകളുയര്‍ന്നത്. ലോര്‍ഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടിക്കൊണ്ടാണ് റൂട്ട് പതിനായിരം ടെസ്റ്റ് റണ്‍സെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഇതിഹാസം അലസ്റ്റര്‍ കുക്കിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയായിരുന്നു റൂട്ട്.
2023 ജൂണ്‍ രണ്ടിന് അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 11,000 റണ്‍സ് മാര്‍ക് പിന്നിട്ട താരം 2024ല്‍ ജൂലൈയില്‍ 12,000 റണ്‍സ് മാര്‍ക്കും 2025 മെയ് മാസം 13,000 റണ്‍സ് മാര്‍ക്കും പിന്നിട്ടു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും റൂട്ടിനായി. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ ദ്രാവിഡിനെയും ജാക് കാല്ലിസിനെയും ഒന്നിച്ച് മറികടന്നാണ് റൂട്ട് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഈ മത്സരത്തില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിനെ മറികടക്കാനും റൂട്ടിന് സാധിക്കും.
ജോ റൂട്ട്
മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് 156 മത്സരത്തിലെ 285 ഇന്നിങ്‌സില്‍ നിന്നും 13,259 റണ്‍സാണ് റൂട്ട് തന്റെ പേരിലാക്കിയത്. 50.80 ശരാശരിയില്‍ 37 സെഞ്ച്വറിയും 66 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മാഞ്ചസ്റ്ററില്‍ 29 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയും 30 റണ്‍സ് നേടിയാല്‍ ജാക് കാല്ലിസിനെയും മറികടക്കാന്‍ റൂട്ടിന് സാധിക്കുമായിരുന്നു. എന്നാല്‍ കരിയറിലെ 38ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് റൂട്ട് ഇരുവരെയും ഒന്നിച്ച് മറികടന്നത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ അന്‍ഷുല്‍ കാംബോജിനെതിരെ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു റൂട്ട് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 287 – 13,378
ജോ റൂട്ട് – ഇംഗ്ലണ്ട് – 286 – 13,362*
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക, ഐ.സി.സി – – 280 – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ, ഐ.സി.സി – 286 – 13,288
അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472
ആക്ടീവ് പ്ലെയേഴ്‌സില്‍ റൂട്ട് മറ്റ് താരങ്ങളേക്കാള്‍ ബഹുദൂരം മുമ്പിലാണ്. ഫാബ് ഫോറിലെ കരുത്തനും തന്റെ എക്കാലത്തെയും മികച്ച റൈവലുമായ സ്റ്റീവ് സ്മിത്തടക്കമുള്ളവരെ നിഷ്പ്രഭമാക്കിയാണ് റൂട്ട് തന്റെ തേരോട്ടം തുടരുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, ജോ റൂട്ടിന്റെ ഡോമിനന്‍സ് എത്രത്തോളമാണെന്ന് മനസിലാകും.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ജോ റൂട്ട് – ഇംഗ്ലണ്ട് – 124* – 5,899
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 95 – 4,278
മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ – 4,225
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 103* – 3501*
ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 87 – 3,300
ഉസ്മാന്‍ ഖവാജ – ഓസ്‌ട്രേലിയ – 81 – 3288
ബാബര്‍ അസം – പാകിസ്ഥാന്‍ – 66 – 2998
നിലവില്‍ 34കാരനായ റൂട്ടില്‍ ഇനിയുമേറ ക്രിക്കറ്റ് ബാക്കിയുണ്ട്. ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സച്ചിനെ മറികടക്കാനും താരത്തിന് സാധിച്ചേക്കും.
Content Highlight: Joe Root surpassed Rahul Dravid and Jaques Kallis in most Test runs