| Friday, 21st August 2026, 12:07 pm

സച്ചിന്‍ Top 10ല്‍ പോലുമില്ലാത്ത റെക്കോഡില്‍ സാക്ഷാല്‍ ക്ലൈവ് ലോയ്ഡിനെ വെട്ടി; പടയോട്ടം അവസാനിപ്പിക്കാതെ റൂട്ട്

ആദർശ് എം.കെ.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ വ്യക്തമായ ആധിപത്യവുമായി ആതിഥേയര്‍. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. ഇതിനോടകം തന്നെ 195 റണ്‍സിന്റെ ലീഡും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ഹാരി ബ്രൂക്ക്, ജോര്‍ദന്‍ കോക്‌സ്, ക്യാപ്റ്റന്‍ ജോ റൂട്ട്, ഡാന്‍ ലോറന്‍സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്.

ബ്രൂക്ക് 93 പന്തില്‍ 91 റണ്‍സ് നേടിയാണ് കളം വിട്ടത്. കോക്‌സ് 100 പന്തില്‍ 73 റണ്‍സടിച്ചപ്പോള്‍ ലോറന്‍സ് 79 പന്ത് നേരിട്ട് 51 റണ്‍സും നേടി പവലിയനിലേക്ക് തിരിച്ചുനടന്നു.

93 പന്തില്‍ 66 റണ്‍സാണ് റൂട്ട് ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. സ്റ്റോക്‌സിന്റെ പടിയിറക്കത്തിന് ശേഷം വീണ്ടും ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തിയ താരം തിരിച്ചുവരവ് റോയലാക്കാനുള്ള ശ്രമത്തിലാണ്.

ഈ മത്സരത്തില്‍ എണ്ണമറ്റ നേട്ടങ്ങളും റൂട്ട് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം 50+ സ്‌കോറുകള്‍ നേടുന്ന ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ വിന്‍ഡീസ് ഇതിഹാം ക്ലൈവ് ലോയ്ഡിനെ മറികടന്നിരിക്കുകയാണ്.

ക്ലൈവ് ലോയ്ഡ്

പ്രോട്ടിയാസ് ലെജന്‍ഡ് ഗ്രെയം സ്മിത് ഒന്നാമതുള്ള ലിസ്റ്റില്‍ നിലവില്‍ അഞ്ചാമനാണ് റൂട്ട്.

ഗ്രെയം സ്മിത്

ടെസ്റ്റില്‍ ഏറ്റവുമധികം 50+ സ്‌കോറുകള്‍ നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – മത്സരം – 50+ ല്‌കോര്‍ എന്നീ ക്രമത്തില്‍)

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 109 – 61

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 77 – 54

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 93 – 51

മിസ്ബ ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 56 – 43

ജോ റൂട്ട് – ഇംഗ്ലണ്ട് – 66 – 42*

ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 74 – 41

സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ് – 80 – 39

വിരാട് കോഹ്‌ലി – ഇന്ത്യ – 68 – 38

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 59 – 36

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 44 – 33

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 47 – 33

അതേസമയം, ഹെഡിങ്‌ലി ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 35 പന്തില്‍ 16 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തും മൂന്ന് പന്തില്‍ അക്കൗണ്ട് തുറക്കാതെ ജോഫ്രാ ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന് ക്രീസില്‍.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അലി ഉസ്മാനാണ് ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാനായി തിളങ്ങിയത്. ഒരു മെയ്ഡന്‍ അടക്കം 23 ഓവര്‍ പന്തെറിഞ്ഞ് 92 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

മുഹമ്മദ് അബ്ബാസ്. മുഹമ്മദ് അലി, ഖുറാം ഷഹസാദ് എന്നിവര്‍ ഇതുവരെ ഓരോ വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Joe Root surpassed Clive Lloyd in Most 50+ scores as Test Captain

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more