| Wednesday, 18th June 2025, 3:09 pm

വിരാടിനെ ഒരിക്കലും ഞാനൊരു എതിരാളിയായി കണ്ടിട്ടില്ല; തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. രോഹിത് ശർമ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെയും പ്രഖ്യാപനം. 18 വർഷങ്ങളുടെ കരിയർ അവസാനിപ്പിച്ചായിരുന്നു താരം തന്റെ ഇഷ്ട ഫോർമാറ്റിനോട് വിട പറഞ്ഞത്.

ടെസ്റ്റിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് വിരാട് വലിയ ശ്രദ്ധ നേടുകയും താരത്തിനെ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരെ കൂടെ ചേർത്ത് ഫാബ് ഫോറെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇപ്പോൾ താരത്തിനെ ഒരിക്കലും ഒരു എതിരാളിയായി കണ്ടിരുന്നില്ലെന്ന് പറയുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്.

താൻ എപ്പോഴും ആരാധിച്ചിരുന്ന ഒരു താരമാണ് വിരാടെന്നും എന്തൊരു കളിക്കാരൻ എന്നാണ് താരത്തെ കുറിച്ച് ചിന്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിരാട് വിരമിച്ചതോടെ കളിക്കളത്തിൽ തങ്ങൾ നടത്തിയ പോരാട്ടങ്ങൾ നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ജോ റൂട്ട്.

‘വിരാടിനെ ഞാൻ ഒരിക്കലും ഒരു എതിരാളിയായി കണ്ടിട്ടില്ല. ഞാൻ എപ്പോഴും ആരാധിച്ചിരുന്ന ഒരാളാണ് അദ്ദേഹം, ‘കൊള്ളാം, എന്തൊരു കളിക്കാരൻ’ എന്നാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറുള്ളത്.

വിരാട് വിരമിച്ചതോടെ കളിക്കളത്തിൽ ഞങ്ങൾ നടത്തിയ പോരാട്ടങ്ങൾ എനിക്ക് നഷ്ടമാകും. പക്ഷേ അത് മറ്റ് താരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം നൽകും,’ റൂട്ട് പറഞ്ഞു.

വിരാട് കോഹ്‌ലിയെ പോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിലെ പ്രധാന സാന്നിധ്യമാണ് ജോ റൂട്ട്. ഒരു കാലത്ത് ടീമിന്റെ ക്യാപ്റ്റനായിരുന്ന താരം പല നിർണായക ഘട്ടത്തിലും തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചിരുന്നു.

നിലവിൽ ഇന്ത്യക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമാണ് റൂട്ട്. ജൂൺ 20ന് തുടങ്ങുന്ന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് താരം.

Content Highlight: Joe Root speaks about Virat Kohli

We use cookies to give you the best possible experience. Learn more