| Monday, 5th January 2026, 9:14 am

ത്രീ ലയണ്‍സിന്റെ തലതൊട്ടപ്പന്‍; ഓസീസ് മണ്ണില്‍ 'ഡബിള്‍ സെഞ്ച്വറി'യുമായി റൂട്ട്

ശ്രീരാഗ് പാറക്കല്‍

ആഷസ് ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലേക്ക്. രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ സിഡ്ണിയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം നടത്തുന്നത് ക്രീസിലുള്ള ജോ റൂട്ടാണ്. നിലവില്‍ 89 ഓവര്‍ പിന്നിടുമ്പോള്‍ 150* റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. 15 ഫോറാണ് റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നേരിട്ട 146ാം പന്തിലായിരുന്നു റൂട്ട് തന്റെ 41ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിലും റൂട്ട് മുന്നേറുകയാണ്.

മാത്രമല്ല ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 60 സെഞ്ച്വറി പൂര്‍ത്തിയാക്കാനും റൂട്ടിന് സാധിച്ചു. സീരീസില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. മെല്‍ബണിലും സെഞ്ച്വറി നേടി റൂട്ട് മിന്നും പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ സിഡ്ണിയിലും സെഞ്ച്വറി നേടിയ റൂട്ട് ഓസീസ് മണ്ണില്‍ തന്റെ രണ്ടാം സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ്. നീണ്ട 12 വര്‍ഷങ്ങള്‍ കാത്തിരുന്നാണ് റൂട്ട് ഓസീസ് മണ്ണില്‍ സെഞ്ച്വറി നേടിയത്. നിലവില്‍ റൂട്ടിനോപ്പം 25* റണ്‍സ് നേടിയ വില്‍ ജാക്‌സും ക്രീസിലുണ്ട്.

അതേസമയം മത്സരത്തില്‍ റൂട്ടിന് പുറമെ അഞ്ചാമനായി ഇറങ്ങിയ ഹാരി ബ്രൂക്ക് 97 പന്തില്‍ 84 റണ്‍സിന് പുറത്തായിരുന്നു. സ്‌കോട്ട് ബോളണ്ടാണ് താരത്തെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 46 റണ്‍സ് ടീമിന് സംഭാവന ചെയ്താണ് മടങ്ങിയത്.

നിലവില്‍ ഓസീസിന് വേണ്ടി സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാര്‍നസ് ലബുഷാന്‍, മൈക്കല്‍ നെസര്‍ ഒരു വിക്കറ്റും നേടി. അതേസമയം ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പിറന്നത് അപൂര്‍വ ചരിത്രം കൂടിയായിരുന്നു.

ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെയാണ് ഓസീസ് ഇലവനെ പ്രഖ്യാപിച്ചിരുന്നത്. ഒരു കാലത്ത് ഓസീസ് മണ്ണിലെ സ്പിന്‍ പറുദീസ എന്ന് വിശേഷിക്കപ്പെട്ടിരുന്ന മൈതാനമായിരുന്നു സിഡ്ണിയിലേത്.

Content Highlight: Joe Root scores second century in Australian Test

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more